തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താംതരം ഫലം പ്രസിദ്ധീകരിച്ച് ഒരു ദിവസത്തിനകം പ്ലസ് വൺ ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചത് 22,707 പേർ. ഇതോടെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചവരുടെ ആകെ എണ്ണം 4,61,561 ആയി ഉയർന്നു. വെള്ളിയാഴ്ച ഉച്ചക്കുശേഷമാണ് സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചത്.
വെള്ളിയാഴ്ച രാത്രിയോടെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച സി.ബി.എസ്.ഇ വിദ്യാർഥികളുടെ എണ്ണം രണ്ടായിരത്തോളമായി. ശനിയാഴ്ച വൈകീട്ട് ഏഴ് വരെ ഇത് 22,707 ആയി ഉയർന്നു. 18ന് അവസാനിപ്പിക്കാനിരുന്ന അപേക്ഷ സമർപ്പണം സി.ബി.എസ്.ഇ വിദ്യാർഥികൾക്കായി ഹൈകോടതി തിങ്കളാഴ്ച വൈകീട്ട് വരെ നീട്ടി നൽകുകയായിരുന്നു.
ഐ.സി.എസ്.ഇ പത്താം തരം പാസായ 3,010 പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കേരള സിലബസിൽ എസ്.എസ്.എൽ.സി വിജയിച്ച 4,26,540 പേരാണ് ഇതുവരെ അപേക്ഷ സമർപ്പിച്ചത്. എറണാകുളം ജില്ലയിൽ നിന്നാണ് കൂടുതൽ സി.ബി.എസ്.ഇ അപേക്ഷകരുള്ളത്; 3,315 പേർ. മൊത്തം അപേക്ഷകർ കൂടുതൽ മലപ്പുറം ജില്ലയിൽ നിന്നാണ്; 79,044.