Spread the love
പ്ലസ് വൺ പ്രവേശനം: മലപ്പുറം ഉള്‍പ്പടെ ഏഴ് ജില്ലകളിൽ 30 ശതമാനം സീറ്റ് വർധന; മൂന്നിടത്ത് 20 ശതമാനം

പ്ലസ് വൺ പ്രവേശനത്തിന് ഏഴ് ജില്ലകളിൽ 30 ശതമാനവും മൂന്ന് ജില്ലകളിൽ 20 ശതമാനവും ആനുപാതിക സീറ്റ് വർധനക്ക് ശിപാർശ. കാസർകോട്, കണ്ണൂർ, വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളുകളിലായിരിക്കും 30 ശതമാനം സീറ്റ് വർധന. ഈ ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനം സീറ്റ് വർധനക്കും ശിപാർശയുണ്ട്.

എയ്ഡഡ് സ്കൂളുകൾ ആവശ്യപ്പെട്ടാൽ വർധന 30 ശതമാനമായി ഉയർത്തി നൽകും. തൃശൂർ, എറണാകുളം, കൊല്ലം ജില്ലയിലെ സ്കൂളുകളിലാണ് 20 ശതമാനം സീറ്റ് വർധനക്ക് ശിപാർശ. മറ്റ് ജില്ലകളിൽ സീറ്റ് വർധന ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ വർഷം എട്ട് ജില്ലകളിലായി 79 താൽക്കാലിക ബാച്ചുകൾ അനുവദിച്ചിരുന്നു. ആവശ്യകത പരിശോധിച്ച് ഈ ബാച്ചുകൾ ഈ വർഷം കൂടി തുടരാനും ധാരണയായി.

കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് എസ്.എസ്.എൽ.സി പരീക്ഷ വിജയിച്ച കുട്ടികളുടെ എണ്ണത്തിലുള്ള വർധന പരിഗണിച്ചും സീറ്റ് ക്ഷാമം സംബന്ധിച്ച ആക്ഷേപം ഒഴിവാക്കാനുമാണ് ആദ്യഘട്ടത്തിൽ തന്നെ സീറ്റ് വർധന നടപ്പാക്കാൻ ധാരണയായത്.

നിലവിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 3,61,307 സീറ്റുകളാണുള്ളത്. സീറ്റ് വർധനയിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയുമായി ഇതു നാലു ലക്ഷത്തിന് മുകളിലെത്തും. നിലവിൽ പ്ലസ് വൺ പ്രവേശനത്തിൽ മുഖ്യഘട്ടത്തിൽ രണ്ട് അലോട്ട്മെന്‍റുകളാണുള്ളത്.ഇതു മൂന്നായി ഉയർത്താനും നിർദേശമുണ്ട്. ഇതുവഴി മെറിറ്റുള്ള കുട്ടികൾക്ക് മുഖ്യഘട്ടത്തിൽതന്നെ അലോട്ട്മെന്‍റ് ലഭിക്കുന്ന സാഹചര്യവും ഒരുങ്ങുമെന്നാണ് പ്രതീക്ഷ.

Leave a Reply