പ്ലസ് വൺ പ്രവേശനം : സ്കൂൾ കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു
പ്ലസ് വൺ പ്രവേശനം ജില്ല, ജില്ലാന്തര സ്കൂൾ കോമ്പിനേഷൻ മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. ഇതുവരെ ഏകജാലക സംവിധാനത്തിൽ മെരിറ്റ് ‘ക്വാട്ടയിലോ, സ്പോർട്ട് ക്വാട്ടയിലോ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഒന്നാം ഓപ്ഷനിലും പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. ഒരു ജില്ലയിൽ ചേർന്ന് വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി മറ്റു ജില്ലയിൽ ചേർന്നവർക്കും അധിക സീറ്റ് സൃഷ്ടിച്ച് പ്രവേശനം നൽകിയിട്ടുള്ള വിദ്യാർത്ഥികൾക്കും മാറ്റത്തിന് അപേക്ഷിക്കാൻ കഴിയില്ല. കാൻഡിഡേറ്റ് ലോഗിനിലെ അപ്ലെ ഫോർ സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ എന്ന ലിങ്കിലൂടെ ഡിസംബർ 14 മുതൽ 16ന് വൈകിട്ട് 4 മണി വരെ അപേക്ഷിക്കാം.
മാറ്റം ആവശ്യപ്പെടുന്ന സ്കൂളുകളിൽ വേക്കൻസി ഇല്ലെങ്കിലും മാറ്റത്തിന് അപേക്ഷിക്കാം. ഓപ്ഷനായി നൽകുന്ന സ്കൂൾ കോഡ്, കോഴ്സ് കോഡ് എന്നിവയിൽ തെറ്റ് വരാതെ ശ്രദ്ധിക്കേണ്ടതാണ്.
കാൻഡിഡേറ്റ് ലോഗിനിലെ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ദൃശ്യമാകുന്ന ഓപ്ഷനുകൾ ചേർക്കാനുള്ള ബോക്സിൽ വിദ്യാർത്ഥി മാറ്റത്തിനായി ഉദ്ദേശിക്കുന്ന സ്കൂളും കോമ്പിനേഷനുകളൂം മുൻഗണനാക്രമത്തിൽ സെലക്ട് ചെയ്ത് സബ്മിറ്റ് ചെയ്യുക. അപേക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ള ഓപ്ഷനുകൾ, സ്കൂളിൻ്റെ പേര്, കോഴ്സ് എന്നിവ കൂടി പരിശോധിച്ച് ഉറപ്പാക്കി വേണം കൺഫർമേഷൻ നൽകേണ്ടതെന്ന് ഹയർ സെക്കന്ററി അക്കാദമിക് കോർഡിനേറ്റർ വി.എം.കരീം അറിയിച്ചു. സ്കൂൾ മാറ്റത്തിന് ശേഷമുള്ള വേക്കൻസിയിലേക്ക് പുതിയ അപേക്ഷ കൊടുക്കുവാനും സീറ്റ് ലഭിക്കാത്തവർക്ക് പുതുക്കുവാനും ഡിസംബർ 20ന് 10 മണി മുതൽ അവസരം ലഭിക്കും. ഈ അവസരത്തിൽ ഇതുവരെ അഡ്മിഷൻ നേടാത്തവർക്കും വിവിധ കാരണങ്ങളാൽ അഡ്മിഷൻ നിരസിക്കപ്പെട്ടവർക്കും അപേക്ഷിക്കാൻ അവസരം ലഭിക്കും.