പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ, ട്രാൻസ്ഫർ അഡ്മിഷൻ നാളെ മുതൽ
പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ, ട്രാൻസ്ഫർ അഡ്മിഷൻ നാളെ മുതൽ ആരംഭിക്കും. സ്കൂൾ, കോമ്പിനേഷൻ മാറ്റം ലഭിച്ചവർക്ക് ‘ട്രാൻസ്ഫർ അലോട്ട് റിസൾട്ട്’ എന്ന ലിങ്കിൽ കയറി പരിശോധിക്കാൻ സാധിക്കും. മാറ്റം ലഭിച്ചവർ പുതുതായി ലഭിച്ച സ്കൂൾ കോമ്പിനേഷനിൽ നിർബന്ധമായും പ്രവേശനം നേടണം. നവംബർ 10 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പ്രവേശനം നേടണം.
പ്രിൻസിപ്പാൾമാർ അലോട്ട്മെൻ്റ് ലെറ്റർ മാറ്റംകിട്ടിയവർക്ക് നൽകും. അതേ സ്കുളിൽ പ്രവേശനം ലഭിച്ചാലും പുതിയ അലോട്ട്മെൻ്റ് ലെറ്റർ പ്രകാരമാകും പ്രവേശനം. നിലവിലെ സ്കൂളിൽ തന്നെ കോമ്പിനേഷൻ മാറ്റം ലഭിച്ച വിദ്യാർത്ഥികൾ മാറ്റത്തിൻ്റെ ഫലമായി അടയ്ക്കേണ്ടുന്ന അധിക ഫീസ് മാത്രം ഒടുക്കിയാൽ മതിയാകും. നിലവിൽ പ്രവേശനം നേടിയ അതെ കോമ്പിനേഷനിൽ തന്നെ മറ്റൊരു സ്കൂളിലേക്ക് മാറ്റം ലഭിച്ച വിദ്യാർത്ഥികൾ പുതുതായി ഫീസ് ഒന്നും തന്നെ ഒടുക്കേണ്ടതില്ല. ഇവർ കോഷൻ ഡെപ്പോസിറ്റ്, പിടിഎ ഫണ്ട് എന്നിവ നൽകിയാൽ മതിയാകും. മാറ്റം ലഭിച്ച വിദ്യാർത്ഥികൾക്ക് അവർ ആദ്യം പ്രവേശനം നേടിയ സ്കൂളിൽ ഒടുക്കിയ കോഷൻ ഡെപ്പോസിറ്റ് പിടിഎ ഫണ്ട് എന്നിവ അപേക്ഷ സമർപ്പിക്കുന്ന മുറയ്ക്ക് തിരികെ ലഭിക്കുന്നതാണ്.
രണ്ടാം സപ്ലിമെൻ്ററി അലോട്ട്മെൻ്റിനായുള്ള അപേക്ഷ നവംബർ 17 മുതൽ 19 വരെ എകജാലകത്തിൽ അപേക്ഷിച്ച് ഒരു ക്വാട്ടയിലും പ്രവേശനം ലഭിക്കാത്തവർക്ക് പുതുക്കി കൊടുക്കാം. അപേക്ഷ പുതുക്കാതിരുന്നാൽ അലോട്ട്മെൻ്റിന് പരിഗണിക്കില്ല.