️ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചത് മലപ്പുറം ജില്ലയിൽ നിന്നും; 20,562
⭕️ജില്ലയിൽ ബാക്കിയുള്ള സീറ്റുകൾ 5895
⭕️അലോട്മെന്റ് പട്ടിക നവംബർ 1 ന് പ്രസിദ്ധീകരിക്കും
പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റിന് 94,390 അപേക്ഷകർ. 91,480 പേർ ആദ്യ രണ്ട് അലോട്മെന്റുകളിൽ പ്രവേശനം ലഭിക്കാത്തതിനാൽ അപേക്ഷ പുതുക്കിയവരാണ്. 4113 പേർ പുതുതായി അപേക്ഷിച്ചു.
നിലവിൽ 40,666 സീറ്റുകളാണ് ഒഴിവുള്ളത്. ഇതിലെല്ലാം പ്രവേശനം നൽകിയാലും 53,000ലേറെ കുട്ടികൾ പുറത്താകും. ഇതൊഴിവാക്കാൻ ആവശ്യമുള്ള ജില്ലകളിൽ 10%–20% സീറ്റ് വർധനയ്ക്കും പോരാതെ വന്നാൽ താൽക്കാലിക അധിക ബാച്ചുകൾ അനുവദിക്കാനും മന്ത്രിസഭ അനുമതി നൽകിയിരുന്നു. സപ്ലിമെന്ററി അലോട്മെന്റിനുള്ള അപേക്ഷകരുടെ എണ്ണം കൂടി കണക്കാക്കിയുള്ള തീരുമാനം ഉടനുണ്ടാകും. അലോട്മെന്റ് പട്ടിക നവംബർ 1 ന് പ്രസിദ്ധീകരിക്കും.
സപ്ലിമെന്ററി അലോട്മെന്റിന് ഏറ്റവും കൂടുതൽ പേർ അപേക്ഷിച്ചത് മലപ്പുറം ജില്ലയിലാണ്–20,562. ഇതിൽ 20,069 പേരും സീറ്റ് കിട്ടാതെ വീണ്ടും അപേക്ഷിച്ചവരാണ്. ജില്ലയിൽ ബാക്കിയുള്ള സീറ്റുകൾ 5895 എണ്ണം മാത്രം. കോഴിക്കോട് ജില്ലയിൽ 11,061 അപേക്ഷകർക്കു 4298 സീറ്റുകൾ മാത്രമേയുള്ളൂ. പാലക്കാട് 9720 അപേക്ഷകർ ഉണ്ടെങ്കിലും സീറ്റുകൾ 2435 എണ്ണം.
മറ്റു ജില്ലകളിലെ അപേക്ഷകരുടെയും ബാക്കി സീറ്റുകളുടെയും എണ്ണം: തിരുവനന്തപുരം – 4542 (3239), കൊല്ലം–7671 (2466), പത്തനംതിട്ട–1591 (2508), ആലപ്പുഴ–4874 (2638) കോട്ടയം–3485 (2758), ഇടുക്കി–1789 (1844), എറണാകുളം–7239 (3413), തൃശൂർ–9316 (3265), വയനാട്–2266 (1153) കണ്ണൂർ–6754 3174), കാസർകോട്–3520 (1580).
അപേക്ഷകരുടെ എണ്ണവും സീറ്റുകളുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുള്ള മലപ്പുറം, പാലക്കാട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ അധിക ബാച്ചുകൾ അനുവദിക്കേണ്ടി വരുമെന്നാണു പ്രാഥമിക നിഗമനം.