
തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്‍ററി അലോട്മെന്റിന് ഇന്ന് മുതൽ അപേക്ഷ നൽകാം. ഇന്ന് രാവിലെ 10 മണി മുതൽ ഒക്ടോബർ 28ന് വൈകിട്ട് അഞ്ച് മണിവരെയാണ് അപേക്ഷകൾ നൽകാനാവുക. അലോട്ട്മെന്റിനായുള്ള വേക്കൻസിയും മറ്റു വിശദ നിർദ്ദേശങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ http://www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ ഹയർസെക്കണ്ടറി അഡ്മിഷൻ വിഭാഗത്തിൽ പ്രസിദ്ധീകരിക്കുന്നതാണ്.
മുഖ്യ അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെയും അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കുമാണ് അവസരം. നിലവിൽ ഏതെങ്കിലും ക്വാട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്കും മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചിട്ട് പ്രവേശനത്തിന് ഹാജരാകാത്തവർക്കും ഏതെങ്കിലും ക്വാട്ടയിൽ വിടുതൽ സർട്ടിഫിക്കറ്റ് (റ്റി.സി) വാങ്ങിയവർക്കും വീണ്ടും അപേക്ഷിക്കുവാൻ സാധിക്കുകയില്ല. അലോട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാൻകഴിയാതിരുന്നവർക്ക് സപ്ലിമെന്ററി അലോട്മെന്റിൽ പരിഗണിക്കുന്നതിനായി അപേക്ഷ പുതുക്കാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.