Spread the love
പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ്: സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച പോർട്ടലിലെ സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. 4 സെർവറുകളിൽ ഒരേ സമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ കയറിയതാണ് പ്രശ്നത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു. സീറ്റുകളെല്ലാം കൃത്യമായി അനുവദിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികൾ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് പരിഹരിക്കാൻ ഡാറ്റാ സെന്റർ , ഐടി മിഷൻ, എൻഐസി എന്നിവർ കൂടുതൽ സർവറുകൾ ഒരുക്കിയതായും മന്ത്രി അറിയിച്ചു. ഇന്ന് രാവിലെ 11.50 വരെ 1,76,076 പേർ റിസൾട്ട് പരിശോധിച്ചു. 47,395 പേർ അപേക്ഷയിൽ തിരുത്തലുകൾ അല്ലെങ്കിൽ ഓപ്ഷനുകൾ കൂട്ടിച്ചേർത്തതായും വി.ശിവൻകുട്ടി അറിയിച്ചു.

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെന്റ് വെള്ളിയാഴ്ച രാവിലെ എട്ടോടെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചെങ്കിലും പോർട്ടൽ പണിമുടക്കിയതിനാൽ രാത്രിയിലും വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ് പരിശോധിക്കാനായില്ല. പോർട്ടലിൽ തിരക്കേറിയതാണ് സംവിധാനം തകരാറിലാകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ ആവശ്യമായ സാങ്കേതിക ക്രമീകരണം ഒരുക്കിയില്ലെന്ന് ആരോപണമുണ്ട്.

ട്രയൽ അലോട്ട്‌മെന്റ് പരിശോധിച്ച് എന്തെങ്കിലും തിരുത്തുണ്ടെങ്കിൽ അവ പൂർത്തീകരിക്കാനും ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ഞായറാഴ്ച വൈകീട്ട് അഞ്ചുവരെയാണ് സമയം അനുവദിച്ചത്. അലോട്ട്‌മെന്റ് പരിശോധിക്കാൻ കഴിയാത്തതിനാൽ ആദ്യദിവസം ആവശ്യമായ തിരുത്തൽ വരുത്താൻ വിദ്യാർഥികൾക്ക് സാധിച്ചിട്ടില്ല. തിരുത്തലിനുള്ള സമയം ദീർഘിപ്പിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

Leave a Reply