തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി പരീക്ഷ പൂർത്തിയായി. ഫിസിക്സ്, ഇക്കണോമിക്സ് എന്നിവയായിരുന്നു അവസാന ദിവസത്തെ പരീക്ഷ. 28നാണ് ഉത്തരക്കടലാസ് മൂല്യനിർണയം ആരംഭിക്കുന്നത്. സംസ്ഥാനത്താകെ 80 മൂല്യനിർണയ ക്യാമ്പുകളാണ് പ്രവർത്തിക്കുക. പ്രതി ദിനം മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ചതിന് എതിരെ ഹയർ സെക്കൻഡറി അധ്യാപകർ പ്രഖ്യാപിച്ച സമരം പിൻവലിച്ചിട്ടുണ്ട്.
ബോട്ടണി, സുവോളജി, മ്യൂസിക് വിഷയങ്ങളുടെ പേപ്പറുകൾ പ്രതിദിനം രണ്ട് സെഷനുകളിലായി 50 എണ്ണവും മറ്റു വിഷയങ്ങളുടേത് 34 എണ്ണവും മൂല്യ നിർണയം നടത്തണം എന്നായിരുന്നു നിർദേശം. നേരത്തേ ഇതു യഥാക്രമം 40ഉം 26ഉം ആയിരുന്നു. അധ്യാപക സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ഇത് 44ഉം 30ഉം വീതമാക്കി കുറച്ചു. പ്രാക്ടിക്കൽ പരീക്ഷകൾ മേയ് മൂന്നിനാണ് ആരംഭിക്കുന്നത്. പ്രാക്ടിക്കലിന് അനുസൃതമായി ബന്ധപ്പെട്ട വിഷയങ്ങളിലെ മൂല്യ നിർണയവും ക്രമീകരിച്ചിട്ടുണ്ട്. മേയ് 31ന് മൂല്യനിർണയം പൂർത്തിയാക്കി ജൂൺ പകുതിയോടെ ഫലം പ്രസിദ്ധീകരിക്കാനാണ് ലക്ഷ്യമിടുന്നത്. എസ്.എസ്.എൽ.സി പരീക്ഷ ഈ മാസം 29ന് പൂർത്തിയാകും. ഐ.ടി പ്രാക്ടിക്കൽ പരീക്ഷ പൂർത്തിയായ ശേഷം മേയ് 10നാണ് മൂല്യനിർണയം തുടങ്ങുന്നത്.