പ്ലസ്‌വൺ പ്രവേശനത്തിനുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് ഇന്ന് ആരംഭിച്ചു. ഇതിന്റെ ഭാഗമായി അലോട്ട്‌മെന്റ് പട്ടിക ഞായറാഴ്ച പ്രസിദ്ധീകരിച്ചു. താത്‌കാലിക പ്രവേശനത്തിനുള്ള വിദ്യാർഥികൾക്ക് ഹയർ ഓപ്ഷൻ നിലനിർത്താൻ ഇനി അവസരമുണ്ടായിരിക്കില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ അവസാനത്തേതാണ് മൂന്നാം അലോട്ട്‌മെന്റ്. 24-ന് വൈകീട്ട് അഞ്ചു വരെ പ്രവേശനം നേടാം. അലോട്ട്‌മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ തേഡ് അലോട്ട്‌മെന്റ് റിസൾട്ട്‌സ് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പറഞ്ഞിട്ടുള്ള സ്കൂളിൽ ആവശ്യമുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി രക്ഷിതാവിനൊപ്പം ഹാജരാവണം. അലോട്ട്‌മെന്റ് ലെറ്റർ സ്കൂളിൽനിന്ന് പ്രിന്റെടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ഒന്ന്, രണ്ട് അലോട്ട്‌മെന്റുകളിൽ താത്‌കാലിക പ്രവേശനം നേടിയവർക്ക് ഈ അലോട്ട്‌മെന്റിൽ ഉയർന്ന ഓപ്ഷനിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടില്ലെങ്കിൽ പുതിയ അലോട്ട്‌മെന്റ് ലെറ്റർ ആവശ്യമില്ല.
അലോട്ട്‌മെന്റ് ലഭിച്ചവരെല്ലാം ഫീസടച്ച് സ്ഥിരപ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. അതേ സമയം, ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനായി പുതിയ അപേക്ഷ സമർപ്പിക്കാം. മുഖ്യഘട്ടത്തിൽ തെറ്റായവിവരങ്ങൾ നൽകിയതിനെത്തുടർന്നും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററിയിൽ അവസരമുണ്ടാവും.
മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററിയിൽ പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കാൻ അപേക്ഷ പുതുക്കിനൽകാം. മുഖ്യഘട്ടത്തിൽ അലോട്ട്‌മെന്റ് ലഭിച്ചിട്ടും തെറ്റായവിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെട്ടതിനാൽ പ്രവേശനം നിരാകരിക്കപ്പെട്ടവർക്ക് ഈയവസരത്തിൽ തെറ്റുതിരുത്തി അപേക്ഷ പുതുക്കിസമർപ്പിക്കാം. മുഖ്യഘട്ടപ്രവേശനം അവസാനിച്ചശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവുകളും വിജ്ഞാപനവും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.