രണ്ടാം ലോകമഹായുദ്ധകാലത്തെ വിനാശം ജി20 ഉച്ചകോടിയിൽ ഓർമ്മിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെ റഷ്യ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാനുള്ള വഴി കണ്ടെത്തണമെന്നും മോദി ആവശ്യപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തിന്‍റെ കെടുതികൾ കണ്ട അക്കാലത്തെ നേതാക്കൾ സമാധാനത്തിനായി പ്രയത്നിച്ചു. ഇപ്പോൾ നമ്മുടെ ഊഴമാണെന്നായിരുന്നു ലോകനേതാക്കളോടുള്ള മോദിയുടെ ആഹ്വാനം. ബുദ്ധന്‍റെയും ഗാന്ധിയുടെയും നാട്ടിൽ അടുത്ത ഉച്ചകോടി നടക്കുന്പോൾ സമാധാനത്തിന്‍റെ ശക്തമായ സന്ദേശം നൽകാൻ ആകണമെന്നും മോദി പറഞ്ഞു. . ആഗോള വെല്ലുവിളി നേരിടാൻ ഐക്യരാഷ്ട്ര സഭക്ക് കഴിയുന്നില്ലെന്ന വിമർശനവും ഉച്ചകോടിയില്‍ മോദി ഉന്നയിച്ചു . ജോ ബൈഡൻ ഉൾപ്പടെ വിവിധ രാജ്യതലവൻമാരുമായി പ്രധാനമന്ത്രി ഉച്ചകോടിക്കിടെ ഹ്രസ്വ ചർച്ച നടത്തി. 2020 ൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഗൽവാൻ സംഘർഷത്തിന് ശേഷം ആദ്യമായാണ് ഷീ ജിൻപിങുമായി മോദി സംസാരിക്കുന്നത്. അടുത്തവർഷം ഇന്ത്യയിൽ നടക്കുന്ന ജി 20 സമ്മേളനത്തിന് നേതാക്കളെ ക്ഷണിക്കുന്നതും പ്രധാനമന്ത്രിയുടെ അജൻഡയിലുണ്ട്. ഡിസംബർ ഒന്നുമുതലാണ് ജി20 യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത്.