Spread the love

കോവിഡിനെ ചെറുക്കാന്‍ മുന്നിട്ടിറങ്ങിയ യുവ ഡോക്ടര്‍ക്ക് മഹാമാരി വരുത്തി വച്ചത് കടുത്ത ശാരീരിക പ്രശ്നങ്ങള്‍. കോവിഡിനൊപ്പമെത്തിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ അതിജീവിച്ച ഡോക്ടര്‍ വീണ്ടും കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിക്കെത്തി. അസുഖങ്ങളെയെല്ലാം തുരത്തി വീണ്ടും കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയാകുകയാണ് 33 കാരിയായ തൃപ്പൂണിത്തുറ സ്വദേശി ഡോ രാശി കുറുപ്പ്. കോവിഡ് പോസിറ്റീവായപ്പോഴും, നെഗറ്റീവായ ശ‌േഷവും ഡോ. രാശി കടന്ന് പോയത് അതിസങ്കീര്‍ണ രോഗവസ്ഥകളിലൂടെ. ജോലിയില്‍ പ്രവേശിച്ച്‌ രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ചെറിയ പനി പോലെ തോന്നിയത്. ആന്‍റിജന്‍ ടെസ്റ്റില്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു ഫലം.പനി മാറിയെങ്കിലും കനത്ത ശ്വാസതടസവും നെഞ്ചുവേദനയും വിട്ടുമാറിയില്ല. തുടര്‍ന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്തു. അതില്‍ കോവിഡ് പോസിറ്റീവായി.പിവിഎസ് ആശുപത്രിയില്‍ തന്നെ കോവിഡ് രോഗിയായി രാശിയെത്തി. രണ്ട് ശ്വാസകോശത്തിലും ന്യൂ മോണിയ ബാധിച്ച്‌ അസുഖം കൂടുതല്‍ ഗുരുതരമായി. സി കാറ്റഗറിയില്‍ പെട്ട കോവിഡ് രോഗിയായിട്ടാണ് രാശിയെ പരിഗണിച്ചത്. പത്തു ദിവസം ഐസിയുവില്‍ ചികിത്സ. ആശുപത്രിയിലെ മുഴുവന്‍ ഡോക്ടര്‍മാരുടെയും പൂര്‍ണ പിന്തുണ ആ സമയത്തു ലഭിച്ചെന്ന് രാശി പറയുന്നു. ഒന്നിനും ഒരു കുറവും ഇല്ലാതെയാണ് സംരക്ഷിച്ചത്. ഒരു ഡോക്ടര്‍ ചെയ്യുന്ന സേവനത്തിന്‍റെ വില മനസിലാക്കിയത് രോഗിയായപ്പോഴാണ്. പിന്നീട് റൂമിലേക്ക് മാറ്റി അഞ്ച് ദിവസം കഴിഞ്ഞാണ് വീട്ടിലേക്ക് പോയത്.ഇടവിട്ടുള്ള നെഞ്ചു വേദനയും ശ്വാസതടസവും ഇപ്പോഴുമുണ്ട്. കോവി‍ഡ് രോഗികളെ അകറ്റി നിര്‍ത്തുന്ന സമൂഹത്തിന് മാതൃക കൂടിയാണ് ഡോ രാശിയെപ്പോലുള്ള കോവിഡ് പോരാളികള്‍. നാട് കോവിഡ് മുക്തമാകും വരെ രാശിയുണ്ടാകും ഈ ആശുപത്രിയില്‍ കോവിഡ് രോഗികളെ ശുശ്രൂഷിക്കാന്‍ കൊറേണ വൈറസിനെതിരായ പോരാട്ടത്തിലെ മുന്നണി പോരാളികളിലൊരാളായി.

Leave a Reply