Spread the love
കെ-റെയിൽ സമരക്കാർക്കെതിരായ പൊലീസ് നടപടി; ചങ്ങനാശ്ശേരിയിൽ വെള്ളിയാഴ്ച ഹർത്താൽ

ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ വെള്ളിയാഴ്ച ഹർത്താലിന് ആഹ്വാനം. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. നാലു സ്ത്രീകൾ ഉൾപ്പെടെ 23 പേരെയാണ് അറസ്റ്റു ചെയ്തത്. സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. അറസ്റ്റിലായ 23 പേരിൽ 2 പേരെ ഇനിയും വിട്ടയച്ചിട്ടില്ല. പൊലീസിനു നേരെ മണ്ണെണ്ണ ഒഴിച്ചതിനാണ് അറസ്റ്റെന്നാണ് പോലീസ് വിശദീകരണം. ചെറിയ കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറയുന്നു.

മനുഷ്യശൃംഖല തീ‍ർത്തായിരുന്നു രാവിലെ മുതൽ പ്രതിഷേധം. സർവേക്കല്ലുമായെത്തിയ വാഹനം നാട്ടുകാർ തടഞ്ഞ ശേഷം റോഡ് ഉപരോധിച്ചു. ഇതോടെ വാഹനം സ്ഥലത്തുനിന്നും മടങ്ങുകയായിരുന്നു. കനത്ത പോലീസ് സന്നാഹത്തോടെ കെ റെയിൽ കല്ലുമായി വാഹനം തിരിച്ചെത്തി. പോലീസും ഉദ്യോഗസ്ഥരും കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങിയതോടെ ഗോ ബാക്ക് വിളികളുമായി നാട്ടുകാർ പ്രതിഷേധം കടുപ്പിച്ചു. തുടർന്ന് നാട്ടുകാ‍ർക്കുനേരെ പോലീസ് ബലം പ്രയോഗിക്കുകയായിരുന്നു. നാട്ടുകാരുടെ പ്രതിഷേധം വകവെക്കാതെ പോലീസ് സുരക്ഷയിൽ ഉദ്യോഗസ്ഥർ കെ റെയിൽ സർവേക്കല്ല് സ്ഥാപിക്കുകയായിരുന്നു.

Leave a Reply