
പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കൊണ്ട് നിരവധിപ്പേരാണ് പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നത്.
പഠനം, ജോലി, റിക്രൂട്ട്‌മെന്റ്, യാത്രകള്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ക്ക് ഇത് ആവശ്യമായി വരുന്നുണ്ട്. ഒരു കുറ്റകൃത്യത്തിലും ഉള്‍പ്പെട്ടിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന ഈ സര്‍ട്ടിഫിക്കറ്റിനായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ സാധിക്കും. സ്മാര്‍ട്ട്‌ഫോണില്‍ കേരള പൊലീസിന്റെ ഔദ്യോഗിക ആപ്പായ പോള്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണെന്ന് കേരള പൊലീസിന്റെ ഫെയ്‌സ്ബുക്ക് വീഡിയോയില്‍ പറയുന്നു.
വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനോ, അവിടെ ജോലിക്കോ, പഠനത്തിനോ, ചികിത്സയ്‌ക്കോ ആവശ്യമായ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഈ ആപ്പ് വഴി ലഭിക്കില്ല. അതിനായി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളെയോ റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസുകളെയോ സമീപിക്കേണ്ടതാണ്. പോള്‍ ആപ്പ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ സര്‍വീസ് എന്ന ഭാഗത്ത് സര്‍ട്ടിഫിക്കറ്റ് ഓഫ് നോണ്‍ ഇന്‍വോള്‍മെന്റ് ഓഫ് ഒഫന്‍സ് തെരഞ്ഞെടുത്ത് അപേക്ഷകന്റെ വിവരങ്ങള്‍ നല്‍കാവുന്നതാണ്.
പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ അപ്ലോഡ് ചെയ്യണം എന്നതാണ് മറ്റൊരു കാര്യം. കൂടാതെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ, വിലാസം തെളിയിക്കുന്ന രേഖ (ആധാര്‍), എന്ത് ആവശ്യത്തിനാണ് സര്‍ട്ടിഫിക്കറ്റ് എന്നത് വ്യക്തമാക്കുന്ന രേഖ എന്നിവയുടെ ഡിജിറ്റല്‍ പകര്‍പ്പുകള്‍ ആവശ്യമുള്ളിടത്ത് അപ്ലോഡ് ചെയ്യേണ്ടതാണ്.ജില്ലാ പൊലീസ് മേധാവിയില്‍ നിന്നാണോ അതോ പൊലീസ് സ്്‌റ്റേഷനില്‍ നിന്നാണോ എന്നത് കൃത്യമായി രേഖപ്പെടുത്തണം.
വിവരങ്ങള്‍ കൈമാറി കഴിഞ്ഞാല്‍ ട്രഷറിയിലേക്ക് ഓണ്‍ലൈനായി പണം അടയ്ക്കാന്‍ സൗകര്യമുണ്ട്. അതിന് ശേഷം അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയിന്മേല്‍ അന്വേഷണം നടത്തിയ ശേഷം പൊലീസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. ഇത് ആപ്പില്‍ നിന്ന് തന്നെ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണെന്നും വീഡിയോയില്‍ പറയുന്നു.