ചെന്നൈ : പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഗുണ്ടാ നേതാക്കൾ കൊല്ലപ്പെട്ടു. തമിഴ്നാട് തിരുവള്ളൂരിലാണ് സംഭവം. നിരവധി കേസുകളിൽ പ്രതികളും പുഴൽ സ്വദേശികളുമായ സതീഷ്, മുത്തുശരവണന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുണ്ടകള്‍ വെടിയുതിര്‍ത്തപ്പോള്‍ തിരിച്ചു വെടിവച്ചുവെന്നാണ് പൊലീസിന്റെ വിശദീകരണം. മരിച്ച രണ്ടു പേരിൽ മുത്തുശരവണൻ അണ്ണാ ഡിഎംകെ നേതാവ് പാര്‍ഥിപനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ്. സോലവാരത്തിന് അടുത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഇന്നു പുലർച്ചെ 3.30നാണ് പൊലീസും ഇവരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. കുപ്രസിദ്ധ ഗുണ്ടായ ബോംബ് ശരവണന്റെ സംഘത്തിൽപ്പെട്ടവരാണ് ഇവരെന്നാണ് വിവരം.
ഒട്ടേറെ കേസുകളിൽ പ്രതികളായ ഇരുവർക്കുമായി നാളുകളായി പൊലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനായി ആവടി സിറ്റി പൊലീസ് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിരുന്നു. ഈ അന്വേഷണ സംഘം നടത്തിയ വിശദമായ പരിശോധനയിലാണു സതീഷും മുത്തുശരവണനും തിരുവള്ളൂരിനു സമീപം ആളൊഴിഞ്ഞ സ്ഥലത്തെ വീട്ടിലുണ്ടെന്നു കണ്ടെത്തിയത്.
തുടർന്ന് പൊലീസ് സംഘം ഇവർ താമസിച്ചിരുന്ന വീടു വളഞ്ഞു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും സതീഷ് കൈവശമുണ്ടായിരുന്ന വ്യാജ തോക്ക് ഉപയോഗിച്ച് വെടിയുതിർത്തു. ഇതോടെ പൊലീസ് സംഘം തിരികെ വെടിവയ്ക്കുകയായിരുന്നു. പൊലീസ് നടത്തിയ വെടിവയ്പ്പിൽ സതീഷിന്റെ തലയ്ക്കും മുത്തുശരവണന്റെ ഹൃദയഭാഗത്തുമാണ് വെടിയേറ്റത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ഇതിൽ മുത്തുശരവണന്റെ പേരിൽ ആറു കൊലക്കേസ് ഉൾപ്പെടെ 13 കേസുകളും സതീഷിന്റെ പേരിൽ ഏഴു കേസുകളുമുണ്ട്. അണ്ണാ ഡിഎംകെ നേതാവ് പാർഥിപനെ (54) കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ഒളിവിൽ പോയത്. ഡിഎംകെ നേതാവ് സി.സെൽവത്തെ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മടിപ്പാക്കത്തുവച്ച് കൊലപ്പെടുത്തിയ കേസിലും മുത്തുശരവണൻ പ്രതിയാണ്.
ഏറ്റുമുട്ടലിൽ മൂന്നു പൊലീസുകാർക്കും പരുക്കേറ്റു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.