Spread the love
കണ്ണൂരിൽ സ്റ്റീൽ ബോംബ് പൊട്ടി അച്ഛനും മകനും മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതം

കണ്ണൂരിൽ സ്റ്റീൽ ബോംബ് പൊട്ടി അച്ഛനും മകനും മരിച്ച സംഭവത്തിൽ പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. സ്റ്റീൽ ബോംബ് എവിടെ നിന്നാണ് ലഭിച്ചതെന്ന് ഇതുവരെയും പൊലീസിന് കണ്ടെത്താനായിട്ടില്ല. രാഷ്ട്രീയ പാ‍ര്‍ട്ടികൾ സൂക്ഷിച്ച സ്റ്റീൽ ബോംബാണ് അതറിയാതെ കൊല്ലപ്പെട്ടവ‍ര്‍ എടുത്തു കൊണ്ടു വന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചോറ്റുപാത്രം തുറന്നു നോക്കുന്നതിനിടയിലാണ് സ്ഫോടനം ഉണ്ടായത് എന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ വൈകുന്നേരം അഞ്ചര മണിയോടെയാണ് മട്ടന്നൂരിനടുത്ത് കാശിമുക്കിൽ വാടക വീട്ടിൽ സ്ഫോടനം ഉണ്ടായത്. ആക്രിക്കച്ചവടം നടത്തുന്ന അസം സ്വദേശികൾ വാടകയ്ക്ക് താമസിക്കുന്ന വീടായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാരും പൊലീസുമെത്തി പരിശോധിച്ചപ്പോൾ ഒരാൾ കൊല്ലപ്പെട്ടതായും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായും കണ്ടെത്തി. ഫസൽ ഹഖ് (45) ആണ് സ്ഫോടനസ്ഥലത്ത് വച്ച് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകൻ ശഹീദുൾ ആശുപത്രിയിൽ വച്ചും മരിച്ചു. ഇന്നലെ സംഭവ സ്ഥലത്ത് ബോംബ് സ്ക്വാർഡും ഫോറൻസിക് സംഘവും പരിശോധന നടത്തിയിരുന്നു. ഡോഗ് സ്ക്വാഡിനെ കൂടി ഉപയോഗിച്ച് സ്റ്റീൽ ബോംബിന്റെ ഉറവിടം കണ്ടെത്താനാകുമോ എന്ന് പോലീസ് പരിശോധിക്കും.

Leave a Reply