വിജയ് ബാബുവിന് എതിരെ നിർണായക സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിച്ച് പൊലീസ്. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചു. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയി. നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് പൊലീസ് ശേഖരിച്ചത്. സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിച്ചു. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ട് സാക്ഷികളുടെ മൊഴി എടുത്തു. ഇക്കഴിഞ്ഞ 22 ന് എറണാകുളം സൗത്ത് പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. പരാതിക്കാരി പൊലീസിനെ സമീപിച്ചതിന് പിന്നാലെ ഗോവയിലേക്ക് പോയ വിജയ് ബാബു അവിടെ നിന്നും വിദേശത്തേക്ക് കടന്നിരുന്നു. ബാലാത്സംഗം, ദേഹോപദ്രവം എൽപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരായ കേസ്. കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹർജി നൽകും.