
ഇന്നലെ രാവിലെ എള്ളുമന്ദത്തെ വീട്ടിൽ ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സിന്ധുവിന്‍റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി ഡയറിയിൽ സൂചനകളുണ്ടെന്നും, ചില സഹപ്രവർത്തകരുടെ പേരുകൾ ഡയറിയിലുണ്ട് എന്നും, ഓഫീസിൽ ഒറ്റപ്പെട്ടെന്നും ജോലി നഷ്ടപ്പെടുമെന്നും സിന്ധു ഡയറിയിൽ കുറിച്ചിട്ടുണ്ട് എന്നും പോലീസ് പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ഓഫീസിലെ അന്തരീക്ഷത്തെ പറ്റി സിന്ധുവടങ്ങുന്ന അഞ്ച് ഉദ്യോഗസ്ഥർ മൂന്ന് ദിവസം മുൻപ് വയനാട് ആർടിഒ മോഹൻദാസിനെ കണ്ട് പരാതി നല്‍കിയിരുന്നു. എന്നാല്‍ സിന്ധു രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നായിരുന്നു ആര്‍ടിഒ വിശദീകരിച്ചത്. ഓഫീസിൽ ഗ്രൂപ്പിസമുണ്ട്, ഓഫീസിൽ സുഖമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നുമാണ് ഇവര്‍ ആര്‍ടിഒയോട് ആവശ്യപ്പെട്ടത്. സിന്ധുവിന്‍റെ മുറിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും ലാപ്ടോപ്പും വിശദമായി പരിശോധിക്കും.