
സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിച്ച് ജലീല്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. സ്വപ്‌ന സുരേഷും പി സി ജോര്‍ജും കേസില്‍ പ്രതികളാകും. 120 ബി, 153 വകുപ്പുകള്‍ പ്രകാരം ഗൂഢാലോചനയ്ക്കും കലാപ ശ്രമത്തിനുമാണ് കേസെടുത്തത്. രാഷ്ട്രീയമായി തന്നെയും കേരളസര്‍ക്കാരിനെയും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയും സ്വപ്‌ന അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും തെറ്റായ വിവരങ്ങള്‍ പറഞ്ഞ് കലാപത്തിനുള്ള നീക്കമാണ് നടത്തിയതെന്നും ജലീല്‍ പരാതിയില്‍ പറഞ്ഞിരുന്നു. യുഡിഎഫിലും ബിജെപി.യിലും ഉള്‍പ്പെട്ട യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുകയും പൊലീസിനെ ആക്രമിക്കുകയും അതുവഴി നാട്ടിലാകെ സംഘര്‍ഷം വ്യാപിപ്പിക്കാനുമാണ് ഇരുവരും ശ്രമിക്കുന്നതെന്നും പരാതിയിലുണ്ട്. സ്വപ്ന ചൊവ്വാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തും കൂടിക്കാഴ്ച നടത്തിയിരുന്നു. അനില്‍കാന്തിനെ മുഖ്യമന്ത്രി സെക്രട്ടേറിയേറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഈ കൂടിക്കാഴ്ച അവസാനിച്ച് തൊട്ടുപിന്നാലെയാണ് പരാതിയുമായി ജലീല്‍ സ്റ്റേഷനില്‍ എത്തിയത്.