എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെതിരേ പൊലീസ് കേസെടുത്തു. ഐപിസി 308, 307, 506, 120 വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ വലിയതുറ പോലീസ് ചുമത്തിയിട്ടുണ്ട്. ഇ പി ജയരാജന് പുറമെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍കുമാര്‍, പേഴ്സണല്‍ സ്റ്റാഫ് അംഗം സുനീഷ് എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കേസിലെ പ്രതികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടിരുന്നു. കോടതിയുടെ ഈ നിര്‍ദേശപ്രകാരമാണ് കേസെടുത്തത്.
ഇപി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫും ചേർന്നും പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതായി എഫ്ഐആറിൽ പറയുന്നു. പ്രതിഷേധിക്കൻ നീയൊക്കെ ആരെടാ എന്ന് ഇപി ജയരാജൻ ആക്രോശിച്ച് മുഖത്തടിച്ച് നിലത്തിട്ടു. ശ്വാസം മുട്ടിച്ചു. നിലത്തു വീണവരെ മുഖ്യമന്ത്രിയുടെ പേഴ്സനൽ സ്റ്റാഫ് മർദിച്ചു. കഴുത്തു ഞെരിച്ചെന്ന് എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ജയരാജനെതിരെ ജാമ്യമില്ലാ വകുപ്പുകൾ സഹിതമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.