ഒല്ലൂർ : കാറിന്റെ ചില്ല് തകർത്ത് സ്ഥിരമായി മോഷണം നടത്തുന്നയാളെ പിടികൂടാൻ സ്വന്തം കാറുകൾ ഒരുക്കിവച്ച് പൊലീസ് കാത്തുനിന്നത് ഒരാഴ്ചയിലധികം. ഒടുവിൽ പൊലീസിന്റെ കാറിന്റെ ചില്ല് തകർക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടി. ചില്ല് തകർക്കാൻ ഉപയോഗിച്ച ഉപകരണം ഓൺലൈനിലാണു വാങ്ങിയത്. ഒല്ലൂർ പെരുവാങ്കുളങ്ങര ഐനിക്കൽ നവീനാണ് (24) പിടിയിലായത്. ഒല്ലൂരിന്റെ പരിസരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ 5 വാഹനങ്ങളുടെ ചില്ല് പൊട്ടിച്ച് മോഷണം നടന്നിരുന്നു.
ഒല്ലൂർ പൊലീസും സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ദിവസങ്ങളോളം കാറുകൾ ഒല്ലൂരിൽ പലയിടങ്ങളിൽ പാർക്ക് ചെയ്ത് മഫ്തിയിൽ നിരീക്ഷിച്ചുവരികയായിരുന്നു. സ്കൂട്ടറിൽവന്ന് ചില്ല് തകർക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. മണ്ണുത്തി, ഒല്ലൂർ, കൊടകര, പുതുക്കാട് എന്നിവിടങ്ങളിലായി ബൈക്ക് മോഷണം, എടിഎം കവർച്ച, ക്ഷേത്രക്കവർച്ച എന്നീ 4 കേസുകളിൽ പ്രതിയാണിയാളെന്നു പൊലീസ് പറഞ്ഞു.