ചോദ്യംചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് നോട്ടീസ് നല്‍കാന്‍ കൊച്ചി സിറ്റി പോലീസ്. ശനിയാഴ്ച രാവിലെ പത്തുമണിക്ക് എറണാകുളം നോര്‍ത്ത് എസ്‌ഐക്ക് മുമ്പില്‍ ഹാജരാവാനാണ് നിര്‍ദേശം. തൃശ്ശൂരിലെ വീട്ടില്‍ നേരിട്ടെത്തി നോട്ടീസ് കൈമാറും. തൃശ്ശൂര്‍ മുണ്ടൂരിലെ വീട്ടിലേക്ക് പോലീസ് സംഘം തിരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍നിന്ന് ഇറങ്ങി ഓടിയ താരം എവിടെയെന്ന കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. ഇതിനിടെയാണ് അടിയന്തരമായി നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുന്നത്. ഡാന്‍സാഫ് സംഘം എത്തിയപ്പോള്‍ ഷൈന്‍ ഇറങ്ങി ഓടിയത് എന്തിന് എന്ന കാര്യത്തിലാണ് പ്രധാനമായും പോലീസ് വിശദീകരണം തേടുക.
എറണാകുളം നോര്‍ത്തിലെ ഹോട്ടലില്‍നിന്ന് കടന്നുകളഞ്ഞ ഷൈന്‍ ബോള്‍ഗാട്ടിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മുറിയെടുത്തതായി പോലീസിന് വ്യക്തമായിരുന്നു. ബൈക്കില്‍ ഇവിടെ എത്തിയ ഷൈന്‍, പുലര്‍ച്ചെയോടെ തൃശ്ശൂര്‍ ഭാഗത്തേക്ക് പോയി. ഓണ്‍ലൈനില്‍ മുറി ബുക്ക് ചെയ്ത് 11.30-ഓടെ ഹോട്ടലിനകത്തുകയറി. പുലര്‍ച്ചെ മൂന്നരയോടെ താരം ഓണ്‍ലൈന്‍ ടാക്‌സിയിലാണ് ബോള്‍ഗാട്ടിയിലെ ഹോട്ടല്‍ പരിസരം വിട്ടത്.