Spread the love

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടേറിയറ്റ് മാർച്ചിലെ മൂന്നു കേസിൽ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ ജയിലിൽവച്ച് കന്റോൺമെന്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്. മൂന്നു കേസുകളിൽ കൂടി റിമാൻഡ് ചെയ്യാൻ രാഹുലിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. രാഹുലിന്റെ ജാമ്യഹർജി നാളെ പരിഗണിക്കാനിരിക്കെയാണ് വീണ്ടും അറസ്റ്റ്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് രാഹുലിനെ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ വീട്ടിൽനിന്നുമാണ് ആദ്യം അറസ്റ്റ് ചെയ്തത്.

പൊലീസ് റജിസ്റ്റർ ചെയ്ത 4 കേസുകളിൽ 3 കേസിൽ രാഹുലിനെ ഇന്നു ഹാജരാക്കാൻ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി–3 ഉത്തരവിട്ടിട്ടുണ്ട്. ഈ കേസുകളിൽ പൊലീസ് ആവശ്യപ്രകാരം കഴിഞ്ഞ ദിവസം പ്രൊഡക്‌ഷൻ വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. അതിനാൽ ആ കേസുകളിൽ ഇന്നു കോടതിയിൽ ഹാജരാക്കും. അതിനു പുറമേ മ്യൂസിയം പൊലീസ് റജിസ്റ്റർ ചെയ്ത മറ്റൊരു കേസുമുണ്ട്. ഇതു ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു പരിഗണിക്കുന്നത്.

ഇതിൽ പൊലീസ് ഇതുവരെ പ്രൊഡക്‌ഷൻ വാറന്റ് ആവശ്യപ്പെട്ടിട്ടില്ല. അത് ഇന്നു നൽകാനാണു പൊലീസ് നീക്കം.രാഹുലിനു മറ്റു കേസുകളിൽ ജാമ്യം കിട്ടിയാലും ഈ കേസിൽ പ്രൊഡക്‌ഷൻ വാറന്റ് പുറപ്പെടുവിച്ചു കോടതിയിൽ ഹാജരാക്കാൻ വീണ്ടും സമയമെടുക്കും. എല്ലാ കേസുകളിലും ജാമ്യമില്ലാ വകുപ്പുകളാണു ചുമത്തിയിട്ടുള്ളതെന്നു രാഹുലിന്റെ അഭിഭാഷകൻ മൃദുൽ ജോൺ മാത്യു പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പ്രിൻസിപ്പൽ സെഷൻസ് കോടതി നാളെ പരിഗണിക്കും.

Leave a Reply