Spread the love
ക്രൂരമായി ആക്രമിക്കാനും മടിക്കില്ല, കുറുവാസംഘം കോഴിക്കോട്ടും എത്തി ജാഗ്രത പാലിക്കണമെന്ന് പോലീസ്’

കോഴിക്കോട്: തമിഴ്നാട്ടിൽ നിന്നുള്ള അതീവ അക്രമകാരികളായ കുറുവ മോഷണസംഘം കോഴിക്കോട് എത്തിയത് സ്ഥിരീകരിച്ച് സിറ്റിപോലീസ് കമ്മീഷണർ എ.വി ജോർജ്ജ്. ഇവരുടെ സാന്നിധ്യമുണ്ടെന്ന് കരുതുന്ന രണ്ട് കേസുകൾ എലത്തൂർ സ്റ്റേഷൻ പരിധിയിൽ ഉണ്ടായിട്ടുണ്ടെന്നും കഴിഞ്ഞദിവസം പാലക്കാട്ട് പിടിയിലായവരെ ഈ കേസുകളിൽ പ്രതിചേർത്തിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു. അതീവ അക്രമകാരികളാണ് കുറുവ സംഘമെങ്കിലും അത്തരത്തിൽ അക്രമം നടത്തി കവർച്ച നടത്തിയത് നഗരത്തിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ, എലത്തൂർ സ്റ്റേഷൻ പരിധിയിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ ഇവരുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. ജനങ്ങൾ അതീവ ജാഗ്രതപാലിക്കണമെന്നും കോടാലി, തൂമ്പാ പോലുള്ളവ വീടിന് പുറത്തുവെക്കാതെ സൂക്ഷിക്കണമെന്നും എ.വി ജോർജ്ജ് പറഞ്ഞു.

അന്നശ്ശേരിയിലാണ് ഇവർ താമസിച്ചത്. ഇവിടെ നിന്നാണ് മോഷണത്തിന് പദ്ധതിയിട്ടത്. ജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട്. അസമയത്ത് എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്ത പോലീസ് സ്റ്റേഷനിലോ, മറ്റ് ആളുകളെയോ വിളിച്ച് അറിയിച്ച ശേഷം മാത്രമേ പുറത്തിറങ്ങാവൂ എന്നും കമ്മീഷണർ അറിയിച്ചു.

കുറുവ സംഘത്തിന്റെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതോടെ രാത്രികാല പരിശോധന പോലീസ് ശക്തമാക്കിയിട്ടുണ്ട്. സംശയകരമായി ആരെയെങ്കിലും കണ്ടാൽ ഫോട്ടോയെടുത്ത് പരിശോധിക്കാനും അനാവശ്യമായി രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാൽപതോളം സംഘങ്ങളെ നഗരത്തിൽ മാത്രം നിയോഗിച്ചിട്ടുണ്ടെന്നും കമ്മീഷണർ പറഞ്ഞു.അടിയന്തര ഘട്ടങ്ങളിൽ പോലീസ് കൺട്രോൾ റൂമിലെ 04952721697 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും പോലീസ് അറിയിച്ചു.

രാത്രികളിൽ വീട് അക്രമിച്ച് മോഷണം നടത്തുന്നതാണ് തമിഴ്നാട്ടിൽ നിന്നുള്ള കുറുവ സംഘത്തിന്റെ രീതി. വാതിൽ അടിച്ച് തകർത്ത് വീടുകളിൽ അത്രിക്രമിച്ച് കയറുന്ന കുറുവ സംഘം വീട്ടുകാരെ ക്രൂരമായി അക്രമിക്കാനും മടിക്കാറില്ല.

കഴിഞ്ഞദിവസം പാലക്കാട്ട് നിന്ന് പ്രത്യേക അന്വേഷണ സംഘം കുറുവ സംഘത്തിൽപ്പെട്ട മൂന്നു പേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെ കോഴിക്കോട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും.കുറുവസംഘത്തിൽപ്പെട്ടവർക്ക് കോഴിക്കോട് എലത്തൂരിൽ നടന്ന രണ്ടു കവർച്ചാകേസിൽ പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങുന്നത്.

Leave a Reply