
നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തുടരന്വേഷണം വേണമെന്ന് പൊലീസ്. നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ അന്തിമഘട്ടത്തിൽ എത്തി നിൽക്കെയാണ് ഗൂഡാലോചനയിൽ പുനരന്വേഷണം വേണമെന്ന ആവശ്യം കോടതിക്ക് മുന്നിലെത്തിയിരിക്കുന്നത്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകിയത്. ആക്രമിച്ച ദൃശ്യങ്ങൾ ദിലീപ് കണ്ടു എന്നതായിരുന്നു വെളിപ്പെടുത്തൽ. ദിലീപിന്റെ സുഹൃത്തെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ നടൻ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും വെളിപ്പെടുത്തിയിരുന്നു. ആക്രമണത്തിന്റെ ഒറിജിനൽ ദൃശ്യങ്ങൾ പൊലീസിന് പോലും കണ്ടെത്താനായിട്ടില്ല. ദിലീപ് ദൃശ്യങ്ങൾ കണ്ടുവെങ്കിൽ അതെവിടെ നിന്ന് കിട്ടിയെന്നതടക്കമുള്ള ചോദ്യങ്ങളുണ്ട്. കോടതി ഹർജി പരിഗണിച്ചിട്ടില്ല.