പൊതുജനങ്ങള്‍ക്കും ആയുധ പരിശീലനം നല്‍കാന്‍ കേരള പൊലീസിന്റെ പദ്ധതി. ഇത് സംബന്ധിച്ച് ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപി ഉത്തരവ് ഇറക്കിയത്. തോക്ക് ലൈസന്‍സുള്ളവര്‍ക്കും ലൈസന്‍സിന് അപേക്ഷിച്ചിട്ടുള്ളവര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്. 1000 രൂപ മുതല്‍ 5000 രൂപവരെയാണ് ഫീസ്. ഫയറിങ്ങിന് 5000 രൂപയും ആയുധങ്ങളെ കുറിച്ച് അറിയുന്നതിനും മനസിലാക്കുന്നതിനും 1000 രൂപയുമാണ് ഫീസ്. ആയുധം വൃത്തിയാക്കുന്നത് പഠിക്കാൻ 1000 രൂപയാണ് ഫീസ്. സുരക്ഷാ മുൻകരുതലുകൾ അറിയാൻ 1000 രൂപയും ഫീസായി നൽകണം. വർഷത്തിൽ 13 ദിവസത്തെ ക്ലാസാണുണ്ടാകുക. സംസ്ഥാനത്തൊട്ടാകെ എട്ട് പരിശീലന കേന്ദ്രങ്ങളാകും ഉണ്ടാകുക. പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, ശാരീരികവും മാനസികവുമായ ഫിറ്റ്‌നെസ്, ആധാര്‍ കാര്‍ഡ്, ആയുധ ലൈസന്‍സ് എന്നിവ ഹാജരാക്കിയവര്‍ക്ക് മാത്രമായിരിക്കും പരിശീലനം നല്‍കുക. ആയുധ പരിശീലനത്തിന് സംസ്ഥാനത്ത് സര്‍ക്കാര്‍ ഒരു സംവിധാനം ഒരുക്കണണെന്നാവശ്യപ്പെട്ട് ഒരുവിഭാഗം ആളുകള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹൈക്കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയത്.