Spread the love

തിരുവനന്തപുരം: പോലീസുകാർക്കിടയിൽ ആത്മഹത്യ പെരുകുന്നതിന് കാരണം കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണെന്ന് മുഖ്യമന്ത്രി. പരശുവയ്ക്കല്‍ സ്വദേശിയും സിവില്‍ പോലീസ് ഓഫീസറുമായ മദനകുമാറിനെ ക്വാര്‍ട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന് കുടുംബ പ്രശ്‌നങ്ങളുളളതായും കുറച്ചു നാളുകളായി കുടുംബവുമായി അകന്നു കഴിയുകയായിരുന്നുവെന്നും ഒപ്പം ജോലിയില്‍ നിന്നും വിട്ടുനിന്നിരുന്നതായും അറിവായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

“സേനാംഗങ്ങള്‍ക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളില്‍ കൂടുതലും കുടുംബപ്രശ്‌നങ്ങളും സാമ്പത്തികപ്രശ്‌നങ്ങളും പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും കൂടാതെ ഇതില്‍നിന്നും ഉരുത്തിരിയുന്ന മാനസിക സംഘര്‍ഷങ്ങളുമാണെന്നാണ് പൊതുവെ കണ്ടിട്ടുള്ളത്. എന്നാല്‍, ഔദ്യോഗിക ജീവിതത്തിലെ പ്രശ്‌നങ്ങളും ആത്മഹത്യകള്‍ക്ക് വഴിവെച്ചിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരത്തില്‍ കാണുന്ന ആത്മഹത്യാപ്രവണതകള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്,” അദ്ദേഹം വിശദീകരിച്ചു.

അവധിപോലുമില്ലാതെയാണ് കീഴുദ്യോഗസ്ഥർ തൊഴിലെടുക്കേണ്ടി വരുന്നതെന്ന പ്രശ്നത്തെ സർക്കാർ അഭിസംബോധന ചെയ്തിട്ടുള്ളതായി മുഖ്യമന്ത്രി സൂചിപ്പിച്ചു. അര്‍ഹമായ ലീവുകള്‍ നല്‍കുന്നതിനും, ആഴ്ചയിൽ ഒരുദിവസം നിര്‍ബന്ധമായും അവധി നല്‍കുന്നതിനും സംസ്ഥാന പോലീസ് മേധാവി പ്രത്യേക സര്‍ക്കുലര്‍ മുഖാന്തിരം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷനുകളില്‍ തുറന്ന ആശയവിനിമയത്തിനായും വിവിധ കാരണങ്ങളാലുളള മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനും മുതിര്‍ന്ന പോലീസുദ്യോഗസ്ഥരെ ഉപയോഗിച്ച് മെന്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സേനാംഗങ്ങളുടെ പരിശീലന കാലയളവില്‍ തന്നെ സാമ്പത്തിക അച്ചടക്കം സംബന്ധിച്ചും, ആയോധന കലകളിലുളള പരിശീലനവും വഴി മനോബലം വര്‍ദ്ധിപ്പിക്കുന്ന നടപടികളും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്.

പോലീസ് സേനയില്‍ 8 മണിക്കൂര്‍ ജോലി എന്നത് അത്രവേഗത്തില്‍ നടപ്പിലാക്കാന്‍ കഴിയുന്ന ഒന്നല്ലെങ്കിലും പതിയെ ഇത് നടപ്പാക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരക്കേറിയ പ്രധാനപ്പെട്ട 52 സ്റ്റേഷനുകളില്‍ ഇതിനകം ഇത് നടപ്പിലാക്കിയിട്ടുണ്ട്. കൂടുതല്‍ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. മദ്യപാന ശീലമുളളവരെ ലഹരിമുക്തരാക്കുന്നതിന് പ്രത്യേകം കര്‍മ്മപദ്ധതികള്‍ ഡി-അഡിക്ഷന്‍ സെന്ററുകളെയും സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളെയും സഹകരിപ്പിച്ച് നടത്തിവരുന്നു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലം മുതല്‍ ഈ വര്‍ഷം (മാര്‍ച്ച് 31) വരെ പോലീസില്‍ 5,670 പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ജോലിഭാരം കുറച്ചിട്ടുണ്ട്.

ദൈനംദിന ആവശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ജീവിതാവശ്യങ്ങള്‍ക്ക് സമീപിക്കാവുന്ന സംവിധാനമാണ് പോലീസ് ക്യാന്റീന്‍ വഴി സേനാംഗങ്ങള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത്. കമ്പോളവിലയില്‍ നിന്ന് 30 ശതമാനം വരെ വിലക്കുറവില്‍ പ്രവര്‍ത്തിച്ചിരുന്ന പോലീസ് ക്യാന്റീന്‍ പ്രവര്‍ത്തനം ജിഎസ്ടി നടപ്പാക്കിയതിനെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നികുതി ഇളവ് ഒഴിവാക്കപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാരുമായി ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായി നികുതി ഇളവ് പുനസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭവനനിര്‍മ്മാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാരിന്റെ സഹായത്തോടെ കേരളാ പോലീസ് ഹൗസിംഗ് സൊസൈറ്റിയും, ജില്ലാടിസ്ഥാനത്തില്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളും സജീവമായി പ്രവര്‍ത്തിച്ചു വരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply