Spread the love

മുംബൈ∙ മോഡലും നടിയുമായ പൂനം പാണ്ഡെ മരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. സെർവിക്കൽ കാൻസർ ബാധിച്ചു മരിച്ചുവെന്ന തരത്തിൽ വെള്ളിയാഴ്ച വാർത്ത പുറത്തുവന്നിരുന്നു. ഗർഭാശയ കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി താൻ തന്നെ പുറത്തുവിട്ട വാർത്തായായിരുന്നു അതെന്ന് നടി ഇന്നു പുറത്തുവിട്ട വിഡിയോയിലൂടെ പറയുന്നു. വേദനിപ്പിച്ചതിന് മാപ്പെന്നും നടി വിശദീകരിച്ചു.
‘‘എല്ലാവർക്കും നമസ്കാരം, ഞാനുണ്ടാക്കിയ ബഹളത്തിന് മാപ്പ്. ഞാൻ വേദനിപ്പിച്ച എല്ലാവർക്കും മാപ്പ്. സെർവിക്കൽ കാൻസറിനെക്കുറിച്ചുള്ള ചർച്ചകൾ സൃഷ്ടിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്റെ മരണത്തെക്കുറിച്ച് ഉണ്ടാക്കിയത് വ്യാജവാർത്തയായിരുന്നു. അതുകൊണ്ട് ഈ രോഗത്തെക്കുറച്ച് ചർച്ച നടന്നു’’ – അവർ വിഡിയോയിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം നടിയുടെ ഔദ്യോഗിക സമൂഹമാധ്യമ പേജിലാണ് മരണ വാർത്ത എത്തിയത്. ‘‘ഞങ്ങള്‍ ഓരോരുത്തർക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെർവിക്കൽ കാൻസറിനു കീഴടങ്ങി. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവർക്ക് അവരുടെ സ്നേഹവും കരുതലും എന്താണെന്ന് അറിയാം.’’– എന്ന കുറിപ്പോടെയാണ് പൂനത്തിന്റെ മരണ വാർത്ത അറിഞ്ഞത്. പൂനത്തിന്റെ മാനേജർ നികിത ശർമ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതോടെ ബോളിവുഡ് താരങ്ങളടക്കം നിരവധിപ്പേർ സമൂഹമാധ്യമങ്ങളിലൂടെ വിയോഗത്തിൽ ഞെട്ടലും ആദരാഞ്ജലികളും അർപ്പിച്ചു. എന്നാൽ രാത്രി വൈകിയപ്പോൾ തന്നെ മരണവാർത്ത അഭ്യൂഹമാണെന്നും ഇവർ തന്നെ പ്രചരിപ്പിച്ചതാണെന്ന തരത്തിൽ വാർത്തകൾ പ്രവഹിച്ചു.

രോഗത്തെ കുറിച്ച് ഒരു വിവരവും പൂനം വെളിപ്പെടുത്തിയിരുന്നില്ല. ജനുവരി 29 വരെ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വിഡിയോകളിലും അവരെ പൂർണ ആരോഗ്യത്തോടെയാണ് കണ്ടിരുന്നത്. മരണത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ പ്രതികരണമോ ആശുപത്രിയുടെ പ്രതികരണമോ പുറത്തുവന്നിരുന്നില്ല. ഇതോടെയാണ് വാർത്തയെക്കുറിച്ച് സംശയം വന്നത്. സഹോദരിയാണ് മരണവിവരം അറിയിച്ചതെന്നും പിന്നീട് ബന്ധപ്പെടാനായിട്ടില്ലെന്നുമാണ് വെള്ളിയാഴ്ച രാത്രി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

അതേസമയം, ഇത്തരമൊരു നാടകം കളിച്ചതിൽ പൂനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാകുകയാണ്. നടിക്കെതിരെ നടപടി എടുക്കണമെന്ന് നിരവധിപ്പേർ ആവശ്യമുന്നയിച്ചിട്ടുണ്ട്.
മോഡലിങ്ങിലൂടെയാണ് പൂനം സിനിമയിലെത്തിയത്. 2013ല്‍ പുറത്തിറങ്ങിയ ‘നഷ’ എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ലൗ ഈസ് പോയ്സണ്‍, അദാലത്ത്, മാലിനി ആന്റ് കോ, ആ ഗയാ ഹീറോ, ദ ജേണി ഓഫ് കര്‍മ തുടങ്ങി കന്നട, ഹിന്ദി, തെലുങ്ക് ഭാഷകളിലായി പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ കാൻപുരില്‍ 1991ലാണ് പൂനം പാണ്ഡെയുടെ ജനനം. ശോഭനാഥ് പാണ്ഡെ, വിദ്യാ പാണ്ഡെ എന്നിവരാണ് മാതാപിതാക്കള്‍. 2020ല്‍ പൂനം, സാം ബോംബെ എന്ന വ്യവസായിയെ വിവാഹം ചെയ്തിരുന്നു. വര്‍ഷങ്ങളായി ഒരുമിച്ച് താമസിക്കുകയായിരുന്നു ഇരുവരും. പിന്നീട് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇവർ മുംബൈ പൊലീസില്‍ പരാതി നല്‍കി. 2021ല്‍ ഇവര്‍ പിരിഞ്ഞു.

2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യന്‍ ടീം സ്വന്തമാക്കുകയാണെങ്കില്‍ നഗ്‌നയായി എത്തുമെന്ന പൂനത്തിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും വിവിധയിടങ്ങളിൽനിന്നുള്ള എതിർപ്പിനെ തുടർന്ന് പൂനം തന്റെ പ്രഖ്യാപനത്തിൽനിന്ന് മാറി നിന്നു.

Leave a Reply