Spread the love

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍.

പൂജ നടത്തിയ നാരായണ സ്വാമിയേയും സംഘത്തേയും പൊന്നമ്പലമേട്ടില്‍ എത്താന്‍ സഹായിച്ചവരാണിവര്‍. വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരായ സാബു, രാജേന്ദ്രന്‍ എന്നിവരെയാണ് വനംവകുപ്പ് കസ്റ്റഡിലെടുത്തത്.

രാജേന്ദ്രന്‍ വനം വികസന കോര്‍പ്പറേഷന്‍ ഗവി സൂപ്പര്‍വൈസറാണ്. വനം വികസന കോര്‍പ്പറേഷന്‍ തോട്ടം തൊഴിലാളിയാണ് സാബു. പൊന്നമ്പലമേട്ടില്‍ കടക്കാന്‍ നാരായണ സ്വാമി ഇവര്‍ക്ക് കൈക്കൂലി നല്‍കിയതായും സംശയമുണ്ട്.

പൊന്നമ്പലമേട്ടില്‍ അതിക്രമിച്ചു കടന്ന് പൂജ നടത്തിയ സംഭവത്തില്‍ ചെന്നൈ സ്വദേശി നാരായണ സ്വാമിക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. വനമേഖലയില്‍ അതിക്രമിച്ചു കയറിയതിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്ഷന്‍ 27 (1) ഇ (4) എന്നീ വകുപ്പുകള്‍ അനുസരിച്ചാണ് കേസ്.

തമിഴ്‌നാട്ടില്‍ നിന്നുള്ള ആറംഗ സംഘമാണ് പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ മകരജ്യോതി തെളിക്കുന്ന അതീവ സുരക്ഷാ മേഖലയില്‍ എത്തി പൂജ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

താന്‍ പൊന്നമ്പലമേട്ടില്‍ പോയില്ലെന്നും ഏഴു വര്‍ഷം മുന്‍പ് പുല്ലുമേട്ടില്‍ നടത്തിയ പൂജയുടെ ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്നുമായിരുന്നു ഇന്നലെ രാവിലെ നാരായണന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഇതില്‍ നിന്നും മലക്കം മറിഞ്ഞ ഇയാള്‍ താന്‍ പൊന്നമ്പലമേട്ടില്‍ പോയെന്നും പൂജ നടത്തിയെന്നും നാരായണന്‍ സ്ഥിരീകരിക്കുന്ന വീഡിയോ പുറത്തു വിട്ടു.

Leave a Reply