പൂർണിമ ഇന്ദ്രജിത്തിൻ്റെ സഹോദരി പ്രിയ മോഹനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ തന്നെ ബാധിച്ച അപൂർവ്വ രോഗത്തെ കുറിച്ച് വെളിപ്പെടുത്തിയത്.പേശികൾക്കും സന്ധികൾക്കും അസഹ്യമായ വേദന, ചലനശേഷിയിൽ കാര്യമായ കുറവ് എന്നിവയ്ക്കു കാരണമാകുന്ന അധികം ആരും അറിയാതെ പോകുന്ന ഫൈബ്രോമയാൾജിയ എന്ന അപൂർവ രോഗമാണിത്. അമിതമായ ക്ഷീണം, ഉറക്കമില്ലായ്മ, ശരീരമാസകലം വേദന, തലകറക്കം, ഡിപ്രഷൻ എന്നിവയാണ് ഇതിൻ്റെ പ്രധാന ലക്ഷണങ്ങൾ
2023ലാണ് പ്രിയയ്ക്ക് രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. എന്നാൽ അസുഖം തിരിച്ചറിയുന്നത് വൈകിയാണ്.
“വിദേശത്ത് ട്രിപ്പിന് പോയ സമയത്താണ് രോഗത്തെ കുറിച്ച് തിരിച്ചറിയുന്നത്. ഒരു ദിവസം രാത്രി കുളിച്ചു കൊണ്ടിരിക്കുമ്പോൾ ബാത്റൂമിൽ തലയടിച്ചു വീണു. എഴുന്നേൽക്കാൻ സാധിക്കാതെ വന്നു. ദിലൂ എന്ന് വിളിച്ചിട്ടും ആരും കേട്ടില്ല. എല്ലാവരും ഉറക്കത്തിലായിരുന്നു. ദൈവങ്ങളെയും അച്ഛനെയും അമ്മയേയുമൊക്കെ വിളിച്ച് എങ്ങനെയൊക്കെയോ എഴുന്നേറ്റു” പ്രിയ പറഞ്ഞു.”ഒരു ദിവസം ദിലുവിൻ്റെ മുമ്പിൽ വച്ച് വീണപ്പോഴാണ് അവസ്ഥ ദിലുവിനും മനസിലാകുന്നത്. പിന്നെ ആളുകളുടെ മുന്നിൽ വച്ചൊക്കെ വീണിട്ടുണ്ട്. ചികിത്സ തേടിയില്ലെങ്കിൽ ഈ അവസ്ഥയിൽ ഡിപ്രഷനിലേയ്ക്കാകും ആ രോഗി പോവുക. കേൾക്കുന്നവർ ഇത് കാൻസറോ ട്യൂമറോ പോലെയൊന്നും അല്ലെല്ലോ എന്ന് പറയുമായിരിക്കും. പക്ഷേ ഇതു വന്നവർക്കേ അതിൻ്റെ ബുദ്ധിമുട്ട് മനസിലാകൂ. തല കുളിച്ചാൽ തോർത്താൻ പോലും പറ്റാത്ത അവസ്ഥ” എന്നാണ് പ്രിയ പറയുന്നത്.
ഫൈബ്രോമയാൾജിയ എന്നൊരു അസുഖമുണ്ടെന്ന് താൻ അറിയുന്നത് ഈ അസുഖം വന്നതിനു ശേഷമാണെന്ന് പ്രിയ പറഞ്ഞു. ഈ അവസ്ഥയുള്ളവരെ കണ്ടാൽ മടിയുള്ളവരാണെന്ന് പലരും പറയും.
“ഈ രോഗം വരുന്നവരുടെ വീട്ടുകാരും അടുത്ത് ഇടപഴകുന്നവരും ഇതേ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. 90 ശതമാനവും ആ രോഗം വരുന്നത് സ്ത്രീകൾക്കാണ്. മാനസിക സമ്മർദ്ദം കൊണ്ട് ഉണ്ടാകുന്ന അസുഖമാണെന്നു പറഞ്ഞ് പലരും ഇത് അവഗണിക്കാറാണ് പതിവ്. ഇതൊരു ഗുരുതരമായ രോഗം തന്നെയാണ്. ഡോക്ടറെ കണ്ടശേഷം മാത്രം ചികിത്സ തുടങ്ങുക” എന്നും പ്രിയ വീഡിയോയിൽ പറയുന്നു. പ്രിയയും ഭർത്താവ് നിഹാലും തങ്ങളുടെ യാത്രാ വീഡിയോകളും മറ്റ് വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. എന്നാൽ രോഗാവസ്ഥ മൂലം യാത്രകൾ കുറഞ്ഞു. വിവാഹത്തിനു മുൻപ് അഭിനയത്തിൽ സജീവമായിരുന്ന പ്രിയ ഇപ്പോൾ വസ്ത്രവ്യാപാര രംഗത്താണ് പ്രവർത്തിക്കുന്നത്.