കേരളാ സർവകലാശാല മലയാളം മഹാ നിഘണ്ടു എഡിറ്റർ തസ്തികയിൽ നിന്നും ഡോ. പൂർണിമ മോഹൻ രാജിവച്ചു. യോഗ്യതയില്ലാത്ത നിയമനമെന്ന പരാതി സർവകലാശാല ചാൻസിലറായ കേരളാ ഗവർണറുടെ(Kerala Governor) പരിഗണനയിലിരിക്കെയാണ് ഡോ.പൂർണിമയുടെ രാജി. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി മോഹന്റെ ഭാര്യ ആണ് ഡോ. പൂർണിമ. കേരള സർവകലാശാലയിൽ മലയാളം മഹാനിഘണ്ടു എഡിറ്റർ തസ്തികയിൽ ‘സംസ്കൃതം’ അദ്ധ്യാപികയായ പൂർണിമാ മോഹനെ നിയമിച്ചത് വലിയ വിവാദമായിരുന്നു. മലയാള ഭാഷയിൽ പ്രാവിണ്യവും മലയാളത്തിൽ ഡോക്ടറേറ്റും അദ്ധ്യാപന പരിചയവുമായിരുന്നു ചട്ട പ്രകാരം പദവിവിയിലേക്കുള്ള യോഗ്യത. വിജ്ഞാപനത്തിൽ സംസ്കൃതം ഗവേഷണ ബിരുദവും തിരുകി കയറ്റിയാണ് പൂർണിമക്ക് നിയമനം നൽകിയത്. സർവകലാശാലകളിലെ പ്രൊഫസർമാരെയോ അസോ.പ്രൊഫസർമാരെയോ ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാനായിരുന്നു തീരുമാനം. ഇതിൽ യോഗ്യതയിൽ ഭേദഗതി വരുത്തിയതാണ് പൂർണിമാ മോഹൻറെ നിയമനത്തിന് വഴിയൊരുക്കിയത്.