മലപ്പുറം: മലപ്പുറം ജില്ലയിൽ പോപ്പുലർ ഫ്രണ്ട് കേസുമായി ബന്ധപ്പെട്ട് മൂന്ന് സ്ഥലങ്ങളിൽ എൻ ഐ എ റെയ്ഡ് നടത്തി. പോപ്പുലർ ഫ്രണ്ടിന്‍റെ പെരുമ്പടപ്പ് ഡിവിഷൻ സെക്രട്ടറിയായിരുന്ന മുഹമ്മദ് അസ്ലമിന്‍റെ വീട്ടിലായിരുന്നു പരിശോധന. ഇയാളുടെ വീട്ടിലും തറവാട് വീട്ടിലും ട്രാവൽസിലുമാണ് ഒരേ സമയം റെയ്ഡ് നടന്നത്. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തെന്ന് എൻ ഐ എ അറിയിച്ചു. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ പുറത്തുവിട്ടിട്ടില്ല.
അതേസമയം പോപ്പലർ ഫ്രണ്ട് സെപ്റ്റംബര്‍ 23 ന് നടത്തിയ വിവാദ ഹർത്താലില്‍ മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് കണക്ക്. 86 ലക്ഷം രൂപയുടെ പൊതുമുതലാണ് ഹർത്താലിൽ നശിപ്പിക്കപ്പെട്ടതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വകാര്യ വ്യക്തികൾക്കുണ്ടായ നഷ്ടം16 ലക്ഷത്തോളം രൂപയുടേതാണെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ഇത് രണ്ടും കൂടി ചേർക്കുമ്പോൾ മൊത്തം ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പൊതുമുതലിനുണ്ടായ നഷ്ടം ഹർത്താൽ പ്രഖ്യാപിച്ചവരിൽ നിന്ന് ഈടാക്കുനാണ് തീരുമാനമെന്നും സർക്കാർ അറിയിച്ചു. നഷ്ടം ഈടാക്കാനുള്ള നടപടികൾ തുടങ്ങിയെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. മുൻ ജില്ലാ ജഡ്ജി പി ഡി ശാരങ്കധരനെ ക്ലെയിംസ് കമ്മീഷണറായി ചുമതലപ്പെടുത്തിയെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.