തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലർ ഫ്രണ്ട് മാർച്ചിൽ വൻ സംഘർഷം. വസ്വം ബോർഡ് ജംഗ്ഷനിൽ സംഘർഷഭരിതമായ സ്ഥിതി. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രവർത്തകരുടെ പ്രതിഷേധം. രാവിലെ 11 മണിയോടെ കിഴക്കേകോട്ടയിൽ നിന്ന് തുടങ്ങിയ മാർച് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വച്ച് പൊലീസ് തടഞ്ഞു. നൂറ് കണക്കിന് പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത്, പൊലീസ് ദേവസ്വം ബോർഡ് ജംഗ്ഷനിൽ വച്ചേ മാർച്ച് തടയുകയായിരുന്നു. എന്നാൽ പ്രവർത്തകർ ബാരിക്കേഡ് ചാടിമറിഞ്ഞ് കടക്കാൻ ശ്രമിച്ചതോടെയാണ് സ്ഥിതി സംഘർഷത്തിലേക്ക് വഴിമാറിയത്. മുഖ്യമന്ത്രിയുടെ വസതിക്ക് അടുത്ത് ദേവസ്വം ബോർഡ് ജംഗ്ഷനിൽ ഇപ്പോഴും പ്രവർത്തകർ പിരിഞ്ഞ് പോകാൻ തയ്യാറാകാതെ പല സംഘങ്ങളായി കുത്തിയിരിക്കുകയാണ്. പൊലീസാദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീർ വാതകം പ്രയോഗിച്ചു. എന്നിട്ടും സംഘർഷം നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. സംഘർഷം ഇനിയും ഉടലെടുക്കാൻ സാധ്യത കണക്കിലെടുത്ത്, കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുമുണ്ട്. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണ് പൊലീസ് എന്നാരോപിച്ചാണ് സംഘടന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ചത്.