ആലപ്പുഴ: ശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറി വി കെ ശശിധരൻ അന്തരിച്ചു. 83 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. ചെങ്ങന്നൂരിലെ മകളുടെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. അറിയപ്പെടുന്ന പാട്ടുകാരനും സാംസ്കാരിക പ്രവർത്തകനുമായിരുന്നു വി കെ ശശിധരൻ. സിനിമയ്ക്ക് വേണ്ടിയും പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രാവബോധം വളർത്തുന്ന ഗാനങ്ങൾ ജനകീയമാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചയാളാണ്.
1938 ൽ എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ ജനിച്ചു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിൽ നിന്നും ഇലക്‌ട്രിക്കൽ എഞ്ചിനിയറിംഗിൽ ബിരുദം കരസ്ഥമാക്കി. മുപ്പത് വർഷക്കാലം ശ്രീ നാരായണ പോളിടെക്നിക്കിലെ അദ്ധ്യാപകനായിരുന്നു. കേരള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട്, ബാലവേദി കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചു.1993 ൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക്കിൽ നിന്നും ഇലക്‌ട്രിക്കൽ വിഭാഗം മേധാവിയായി വിരമിച്ചു.
1967 ൽ അടൂർ ഗോപാലകൃഷ്ണന്റെ ‘കാമുകി’ എന്ന ചിത്രത്തിനു വേണ്ടി ഏറ്റുമാനൂർ സോമദാസൻ രചിച്ച നാലു ഗാനങ്ങൾ ‘ശിവൻശശി’ എന്ന പേരിൽ പി കെ ശിവദാസുമൊത്തു ചിട്ടപ്പെടുത്തി. ചിത്രം റിലീസ് ആകാതിരുന്നതിനെതുടർന്ന് ‘തീരങ്ങൾ’ എന്ന ചിത്രത്തിൽ ഉൾപ്പെടുത്തി. ഇരുവരും ആറ്റിങ്ങൽ ദേശാഭിമാനി തീയറ്റേഴ്സിനു വേണ്ടി നിരവധി നാടകങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചു. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വി.കെ.എസ്. ഇടശ്ശേരിയുടെ പൂതപ്പാട്ട്, രവീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി തുടങ്ങി നിരവധി കവിതകൾക്ക് സംഗീതാവിഷ്ക്കാരം നൽകി.
ഗാനാലാപനം സാമൂഹ്യമാറ്റത്തിനായുള്ള ഒരു ഉപാധിയാണെന്ന് വികെഎസ് കരുതിയിരുന്നത്. ഗാനങ്ങൾക്ക് ഈണം പകരുമ്പോൾ സംഗീതത്തേക്കാളുപരി ആ വരികളുടെ അർത്ഥവും അതുൾക്കൊള്ളുന്ന വികാരവും പ്രതിഫലിപ്പിക്കാനാവണം എന്ന നിർബന്ധമാണ് വികെഎസിന്റെ ഗാനങ്ങളെ ഗാംഭീര്യമുള്ളതാക്കുന്നത്.
പരിഷത്തിന്റെ സജീവ പ്രവർത്തകനായിരുന്ന വികെഎസ് നിരവധി പരിഷത്ത് കലാജാഥകൾക്കായി അനവധി ഗാനങ്ങൾക്ക് സംഗീതം നൽകി. ബർതോൾത് ബ്രഹത് , ഡോ എം പി പരമേശ്വരൻ , മുല്ലനേഴി, കരിവെള്ളൂർ മുരളി തുടങ്ങി അനവധി പേരുടെ രചനകൾ സംഗീത ശില്പങ്ങളായും, സംഘഗാനങ്ങളായും ശാസ്ത്ര കലാജാഥകളിലൂടെ അവതരിക്കപ്പെട്ടു . 80 കളുടെ തുടക്കത്തിൽ കലാജാഥയിൽ പങ്കെടുത്തും , അഭിനയിച്ചും കേരളത്തിലുടനീളം സഞ്ചരിച്ചു. കൂടാതെ ശാസ്ത്ര സംഘടനകളുടെ അഖിലേന്ത്യാ തലത്തിലുള്ള കലാജാഥകൾക്കു സംഗീതാവിഷ്കാരം നിർവഹിച്ചു. ശാസ്ത്ര സാഹിത്യപരിഷത്ത്, കേരള സാക്ഷരതാ സമിതി ,മാനവീയം മിഷൻ , സംഗീത നാടക അക്കാഡമി എന്നിവയ്ക്ക് വേണ്ടിയും ഓഡിയോ ആൽബങ്ങൾ തയ്യാറാക്കിയിട്ടുണ്ട്.