തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി വരെ ഉയർന്ന തീരമാലകൾക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം. തിരുവനന്തപുരത്തെ പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള തീരത്ത് 3.5 മീറ്റർ മുതൽ 4.5 മീറ്റർ വരെ ഉയരത്തിൽ തിരയടിക്കാനാണ് സാധ്യത.

മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദ്ദേശവുമുണ്ട്. അതേസമയം ടൗട്ടേ കേരളാ തീരം വിട്ടതിനാൽ സംസ്ഥാനത്ത് കനത്ത മഴക്ക് ശമനമുണ്ട്.കോഴിക്കോട്,കാസർഗോഡ് ജില്ലകളിൽ നേരിയ തോതിൽ മഴ തുടരുന്നുണ്ടെങ്കിലും കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മൂന്ന് ജില്ലകളിലെ മഴ മുന്നറിയിപ്പുകൾ നേരത്തെ തന്നെ പിൻവലിച്ചിരുന്നു.
ടൗട്ടേ കേരള തീരം വിട്ടതോടെ ഇനി മൺസൂൺ തുടങ്ങുന്നതുവരെ സംസ്ഥാനത്ത് അന്തരീക്ഷം ശാന്തമായിരിക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം ടൗട്ടേ ഏറ്റവുമധികം നാശം വിതച്ച വടക്കൻ ജില്ലങ്ങളിൽ നിരവധി കുടുംബങ്ങൾ ഇപ്പോഴും ബന്ധുവീടുകളിൽ തന്നെ തുടരുകയാണ്. കോഴിക്കോട് അരീക്കൽ പഞ്ചായത്തിൽ കടൽ ഭിത്തിയും, റോഡും കുടിവെള്ള പൈപ്പുകളും തകർന്നിരുന്നു. ഇവയുടെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.