പാലക്കാട് നരികുത്തിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച അനസിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. തലയ്‌ക്കേറ്റ ക്ഷതം മരണകാരണമായെന്നാണ് കണ്ടെത്തല്‍. മാനസിക വെല്ലുവിളി നേരിട്ടിരുന്ന അനസിനെ നാട്ടുകാരനായ ഫിറോസ് ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിക്ടോറിയ കോളേജിന് മുന്നിലുള്ള സ്ഥാപനത്തിലേതാണ് സിസിടിവി ദൃശ്യം. ഫിറോസും സഹോദരനും ബൈക്കിലെത്തിയ ശേഷം പുതുപ്പള്ളി തെരുവ് സ്വദേശി അനസിനെ മര്‍ദ്ദിക്കുകയായിരുന്നു. ഫിറോസ് കൈയ്യില്‍ കരുതിയിരുന്ന ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചതോടെ അനസ് നിലത്ത് വീണു. ബോധരഹിതനായ അനസിനെ ഇരുവരും കൂടി ഉച്ചയോടെ ഓട്ടോറിക്ഷയില്‍ കയറ്റി ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വാഹനപകടത്തില്‍ പരുക്കേറ്റെന്ന പേരിലാണ് പാലക്കാട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ രാത്രിയോടെ അനസ് മരണപ്പെട്ടു. യുവാവിന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതോടെയാണ് ആശുപത്രി അധികൃതര്‍ സംശയം തോന്നി പോലീസിനെ വിവരം അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നരികുത്തി സ്വദേശി ഫിറോസിനെ പാലക്കാട് നോര്‍ത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. ലേഡീസ് ഹോസ്റ്റല്‍ പരിസരത്ത് മോശമായി പെരുമാറിയപ്പോഴാണ് ഇടപ്പെട്ടത്. ബാറ്റു കൊണ്ടാണ് അടിച്ചതെന്നും അബദ്ധത്തില്‍ തലയ്ക്ക് അടിയേക്കുകയായിരുന്നെന്നും ഫിറോസിന്റെ മൊഴിയില്‍ പറയുന്നു.