ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഒരു മത്സരവുമായാണ് ഇന്ത്യ പോസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്. ഈ വർഷം ഓഗസ്റ്റിൽ ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ്’ ആഘോഷങ്ങളുടെ ഭാഗമായി, തപാൽ വകുപ്പും കമ്മ്യൂണിക്കേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും ചേർന്ന് ആണ് ’75 ലക്ഷം പോസ്റ്റ്കാർഡ് കാമ്പെയ്ൻ’ ആരംഭിച്ചിരിക്കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന ഈ മത്സരം വിദ്യാർത്ഥികൾക്ക് പോസ്റ്റ് കാർഡുകൾ എഴുതാനുള്ള അവസരം നൽകും. 4 മുതൽ പന്ത്രണ്ടാം ക്ലാസിൽ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ പോസ്റ്റ്കാർഡുകൾ എഴുതാം. ‘ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാളികൾ’ (The Unsung heroes of India’s freedom struggle), ‘2047ലെ ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് (My vision for India, 2047), ’ എന്നിവയാണ് പോസ്റ്റ്‌കാർഡ് എഴുത്തിന്റെ വിഷയങ്ങൾ.
ഡിസംബർ 1 മുതൽ 20 വരെ ഈ മത്സരം നടത്താനും പോസ്റ്റ് കാർഡുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യാനും മികച്ച 10 പോസ്റ്റ്കാർഡ് എൻട്രികൾ അതത് ബോർഡുകളിലേക്ക് ഓൺലൈനായി അയയ്ക്കാനും സ്കൂളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 75 മികച്ച പോസ്റ്റ്കാർഡ് എൻട്രികളിലെ വിജയികൾക്ക് അടുത്ത വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താൻ അവസരം ലഭിക്കും.