സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം. രാത്രി 6.30നും 11.30നും ഇടയിൽ 15 മിനിറ്റായിരിക്കും നിയന്ത്രണം. കൽക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവാണ് ഇപ്പോഴുള്ളത്. കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ജാർഖണ്ഡിൽ ഏഴ് മണിക്കൂറോളം വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. പഞ്ചാബിൽ ആകെയുള്ള പതിനഞ്ച് താപനിലയിങ്ങളിൽ നാല് എണ്ണത്തിൻ്റെ പ്രവർത്തനം സ്തംഭിച്ച സാഹചര്യമാണ്. 5880 മെഗാവാട്ട് ശേഷിയിൽ 3327 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. എന്നാൽ കൽക്കരി ക്ഷാമം രാജ്യത്ത് ഇല്ലെന്നും.അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.