തെന്നിന്ത്യൻ ലേഡീ സൂപ്പർ സ്റ്റാർ നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ്ശിവന്റെയും പ്രണയവും വിവാഹവും അടങ്ങുന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി പ്രഖ്യാപിച്ച് രണ്ടുവർഷം കഴിഞ്ഞിട്ടും റിലീസ് ചെയ്തിരുന്നില്ല. ധനുഷുമായുള്ള പോര്പരസ്യമാക്കിയതിനു പിന്നാലെ ഇന്നലെ നയൻസിന്റെ ജന്മ ദിനത്തിൽ ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സ് പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുകയായിരുന്നു.
വിഗ്നേഷ് ശിവന്റെ അരങ്ങേറ്റ ചിത്രവും നയൻതാരയുടെ കരിയറിലെ മികച്ച വിജയവുമായ നാനും റൗഡി താൻ എന്ന ചിത്രത്തിലൂടെയുള്ള കണ്ടുമുട്ടലും ഇരുവരുടെ പ്രണയകാലവും വിവാഹബന്ധത്തിലെ ദൃഢതയുമെല്ലാം ഡോക്യുമെന്ററിയിൽ പ്രതിപാദിക്കുന്നുണ്ട്. കൂടാതെ തന്റെ മുൻപ്രണയ ബന്ധങ്ങളെ കുറിച്ചും അത് തന്നെ ഏതൊക്കെ പ്രതിസന്ധികളിൽ കൊണ്ടെത്തിച്ചെന്നും നയൻതാര വ്യക്തമാക്കുന്നുണ്ട്. സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ആണ് ഡോക്യൂമെന്ററിയുടെ സംവിധായകൻ.
പ്രശസ്ത കൊറിയോഗ്രാഫറും നടനുമായ പ്രഭുദേവയായിരുന്നു താരത്തിന്റെ മുൻ കാമുകൻ. ഒരുമിച്ച് ജീവിക്കണമെങ്കിൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മുൻ കാമുകൻ പറഞ്ഞുവെന്നാണ് ‘നയൻതാര ബിയോണ്ട് ദി ഫെയ്റി ടെയിൽ’ എന്ന ഡോക്യുമെന്ററിയിൽ പറയുന്നത്. തനിക്ക് ആത്മാർത്ഥ സ്നേഹം ആയിരുന്നതിനാൽ മറ്റൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ടുതന്ന സിനിമ ഉപേക്ഷിക്കാൻ തന്നെ ഞാൻ തീരുമാനിച്ചു എന്നും നയൻസ് പറയുന്നു.
കാരണം,വിശ്വാസപൂർണമായ ഒരു ബന്ധമായിരുന്നു ആ പ്രണയം. ഞാൻ സ്നേഹിക്കുന്ന അതേ പോലെ അപ്പുറത്ത് നിൽക്കുന്നയാളും എന്നെ സ്നേഹിക്കുന്നുണ്ടെന്ന വിശ്വാസമായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.
എന്നാൽ സിനിമ ഉപേക്ഷിക്കുക എന്നത് താൻ ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നു.