Spread the love

കൊച്ചി∙ അയോധ്യയിൽ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടക്കുന്ന ഇന്നു കേരളത്തിൽ ക്ഷേത്രങ്ങളടക്കം പതിനായിരം കേന്ദ്രങ്ങളിൽ ആഘോഷങ്ങൾ. വൈകിട്ട് സംസ്ഥാനത്ത് 50 ലക്ഷം ഭവനങ്ങളിൽ ദീപങ്ങൾ തെളിക്കും. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ആഘോഷപരിപാടികൾ. അതതു സ്ഥലങ്ങളിലെ വിവിധ ഹൈന്ദവ സംഘടനകളും ക്ഷേത്ര സമിതികളും ഒരുമിച്ചു ചേർന്നാണു നടത്തുന്നത്. ക്ഷേത്രങ്ങളിലാണു പ്രധാന ആഘോഷപരിപാടികൾ നടക്കുക. എല്ലായിടത്തും പ്രാണ പ്രതിഷ്ഠയുടെ ഭാഗമായി അയോധ്യയിൽ നടക്കുന്ന ചടങ്ങുകൾ തത്സമയം കാണുന്നതിനായി വലിയ സ്ക്രീനുകൾ സംഘടിപ്പിച്ചിട്ടുണ്ട്.

ശ്രീരാമക്ഷേത്രങ്ങളിലും ഹനുമാൻ ക്ഷേത്രങ്ങളിലും പുലർച്ചെ മുതൽ പ്രത്യേക പൂജകൾ ആരംഭിക്കും. മറ്റു സ്ഥലങ്ങളിൽ രാവിലെ 11നാണ് ആഘോഷ പരിപാടികൾ ആരംഭിക്കുകയെന്നു വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി അറിയിച്ചു. ക്ഷേത്രങ്ങളിൽ മാതൃ സമിതികളുടെ നേതൃത്വത്തിൽ രാമായണം വായിക്കും. പ്രത്യേക പൂജകളും ഹോമങ്ങളും വേദ പാരായണവും ഉണ്ടാകും. മഠങ്ങൾ കേന്ദ്രീകരിച്ച് നാമസങ്കീർത്തനങ്ങളും നാരായണീയ പാരായണവും താരകമന്ത്രവും 108 തവണ ശ്രീരാമമന്ത്ര ജപവും നടക്കും. ആചാര്യന്മാരുടെ നേതൃത്വത്തിൽ ശ്രീരാമാവതാരവുമായി ബന്ധപ്പെട്ട പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളിൽ കർസേവകരെ ആദരിക്കും.

കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രത്തിൽ പ്രത്യേക ചടങ്ങുകൾ
കാലടി∙ അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഇന്നു രാംലല്ല പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ കാലടി ആദിശങ്കര ജന്മഭൂമി ക്ഷേത്രവും അതിന്റെ ഭാഗമാകുന്നു. അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് കാലടി ക്ഷേത്രത്തിൽ ഇന്നു പ്രത്യേക ചടങ്ങുകൾ നടക്കും. രാവിലെ 10നു ശ്രീരാമാതാരക ഹോമം, പൂജ, ഭജന, ശ്രീരാമ പട്ടാഭിഷേക പാരായണം എന്നിവ നടക്കും. 12.30ന് അന്നദാനവും വൈകിട്ട് 6ന് ദീപക്കാഴ്ചയും ഉണ്ടാകും. കൂടാതെ അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾ സ്ക്രീനിൽ തത്സമയം സംപ്രേഷണം ചെയ്യും. ശൃംഗേരി ശ്രീശാരദ പീഠാധിപതി സ്വാമി ഭാരതി തീർഥയുടെയും നിയുക്ത പീഠാധിപതി സ്വാമി വിധുശേഖര ഭാരതിയുടെയും നിർദേശ പ്രകാരമാണ് പ്രത്യേക ചടങ്ങുകൾ. ക്ഷേത്രത്തിലെ വേദ പണ്ഡിതർ നേതൃത്വം കൊടുക്കും. വേദ വിദ്യാർഥികൾ സംബന്ധിക്കും.

Leave a Reply