പ്രണവ് മോഹൻലാലിനെ നായകനാക്കി രാഹുൽ സദാശിവൻ രചിച്ചു സംവിധാനം ചെയ്ത ‘ഡീയസ് ഈറേ’ എന്ന ഹൊറർ ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. പ്രണവ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് ആണ് പോസ്റ്ററിലുള്ളത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. പ്രണവിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ എത്തിയിരിക്കുന്നത്.
ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്ന് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വമ്പൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’.
ബ്ലാക്ക് ആൻഡ് വൈറ്റ് ഫോർമാറ്റിൽ ഒരുക്കിയ ഹൊറർ ത്രില്ലർ ഭ്രമയുഗത്തിന് ശേഷം, ഹൊറർ ത്രില്ലർ എന്ന സിനിമാ വിഭാഗത്തിന്റെ സാധ്യതകൾ ഇനിയും കൂടുതലായി ഉപയോഗിക്കുന്ന ചിത്രമായാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത്. ‘ഡീയസ് ഈറേ ’യുടെ കഥാപശ്ചാത്തലം സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ക്രോധത്തിൻ്റെ ദിനം എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻi







