ബെംഗളൂരു : കർണാടക ഖനി വകുപ്പ് വനിതാ ഡപ്യൂട്ടി ഡയറക്ടർ കെ.എസ്.പ്രതിമ (45) കൊല്ലപ്പെട്ട സംഭവത്തിൽ ഡ്രൈവർ കിരൺ അറസ്റ്റിൽ. ബെംഗളൂരു പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തന്നെ പിരിച്ചുവിട്ടതുകൊണ്ടാണ് പ്രതിമയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷമായി കരാർ അടിസ്ഥാനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കിരൺ. സംഭവത്തിനു ശേഷം ബെംഗളൂരുവിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള ചാമരാജനഗറിലേക്ക് ഇയാൾ കടന്നുകളഞ്ഞിരുന്നു.
പ്രാഥമിക അന്വേഷണത്തിൽ, ശനിയാഴ്ച വൈകിട്ട് 6 മണി വരെ പ്രതിമ ഓഫിസിലുണ്ടായിരുന്നുവെന്നും അതിനുശേഷം രാത്രി 8 മണിയോടെ കിരണിന് പകരം നിയമിച്ച ഡ്രൈവറാണ് പ്രതിമയെ അപ്പാർട്മെന്റിൽ കൊണ്ടാക്കിയതെന്നും കണ്ടെത്തിയിരുന്നു. അന്ന് രാത്രിയാണ് പ്രതിമ കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി 8 നും ഞായറാഴ്ച രാവിലെ 8 നും ഇടയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു.
ദൊഡ്ഡക്കല്ലസന്ദ്രയിലെ അപ്പാർട്മെന്റിലാണ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ പ്രതിമയെ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി ഓഫിസിൽ നിന്ന് എത്തിയ പ്രതിമയെ ഫോണിൽ വിളിച്ച് കിട്ടാതിരുന്നതോടെ രാവിലെ അപ്പാർട്മെന്റിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. 5 വർഷമായി ഇതേ അപ്പാർട്മെന്റിൽ ഒറ്റയ്ക്കു താമസിക്കുകയാണ് പ്രതിമ. ഇവരുടെ ഭർത്താവും മകനും ശിവമോഗ ജില്ലയിലാണ്.