
കോഴിക്കോട്: ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ചിരട്ടി വരെ വർദ്ധിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ലെന്ന് സിപിഐ ജില്ലാ അസി: സെക്രട്ടറി അഡ്വ. പി ഗവാസ് പറഞ്ഞു. വർദ്ധിപ്പിച്ച വിമാന യാത്രാ നിരക്ക് പിൻവലിക്കണമെന്നും, കരിപ്പൂരിൽ നിന്നും നിർത്തലാക്കിയ വിമാന സർവീസുകൾ പുനഃസ്ഥാപിക്ക ണമെന്നും ആവശ്യപ്പെട്ട് പ്രവാസി ഫെഡറേഷൻ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച റെയിൽവെ സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാസങ്ങളോളം വിദേശത്ത് ജോലി ചെയ്തുണ്ടാക്കുന്ന ചെറിയ സമ്പാദ്യമാകെ വിമാന കമ്പനികൾ കൊള്ളയടിക്കുകയാണ്. പ്രവാസികൾക്ക് ന്യായമായ നിരക്കിൽ യാത്ര ചെയ്യുന്നതിനായി സംസ്ഥാന സർക്കാർ ബുക്ക് ചെയ്യുന്ന അഡീഷണൽ, ചാർട്ടർ ഫ്ളൈറ്റുകൾക്ക് അനുമതി നൽകുവാൻ കേന്ദ്ര സർക്കാർ തയ്യാ റാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ഇ. വേണു അദ്ധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി ടി പി റഷീദ്, സംസ്ഥാന സമിതി അംഗങ്ങളായ എൻ. ശ്രീധരൻ, അഡ്വ. ദേവരാജ്, സിപിഐ മണ്ഡലം സെക്രട്ടറി അനസ് ബാബു, പി പ്രേംകുമാർ, സിറ്റി മണ്ഡലം പ്രസിഡണ്ട് കെ. എ നാസർ, എന്നിവർ സംസാരിച്ചു. മുഹമ്മദ് ബഷീർ സ്വാഗതവും വാഹിദ് കൊളക്കാടൻ നന്ദിയും പറഞ്ഞു. വിശ്വൻ എം. കെ, താജുദ്ദീൻ കടലുണ്ടി, ശ്രീജിത്ത് ആവള, സുരേഷ് ബാബു എ ടി, ഉമൈബാൻ ചാലിയം, ഇസ്ഹാക്ക് കല്ലംപാറ, ജ്യോതികുമാർ, സലീം രാമനാട്ടുകര എന്നിവർ സമരത്തിന് നേതൃത്വം നൽകി.