മലയാളികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രാവിൻ കൂട് ഷാപ്പ് ഇന്ന് ലോക വ്യാപകമായി റിലീസ് ചെയ്യും. സൗബിൻ ഷാഹിറും ബേസിൽ ജോസഫും ചെമ്പൻ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഈ വർഷത്തെ മറ്റൊരു ബ്ലോക്ക്ബസ്റ്ററായി മാറുമെന്നാണ് പ്രതീക്ഷ.
ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയെന്നാണ് സൂചന. ഷാപ്പിലിരുന്ന് ചീട്ടുകളിക്കുന്ന സൗബിനേയും തല പുകഞ്ഞ് ആലോചിച്ചിരിക്കുന്ന പോലീസുകാരനായി ബേസിലിനേയും കാണിച്ചുള്ള ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ അടുത്തിടെ വൈറലായിരുന്നു.
സെക്കൻഡ് ലുക്ക് പോസ്റ്ററും പ്രേക്ഷകരിൽ ആകാംക്ഷ നിറയ്ക്കുന്നതായിരുന്നു. അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ.എസ് തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്‌സി’ന്‍റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. തല്ലുമാല, ഫാലിമി, പ്രേമലു എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ് സംഗീത സംവിധാനം നിർവ്വഹിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്, എആർഇ മാനേജർ: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: യെല്ലോടൂത്ത്.