
ഒറ്റപ്പാലം : നന്മ വറ്റാത്ത സമൂഹം ഏകമനസ്സോടെ ഏറ്റെടുത്ത ദൗത്യം വിഫലമായി; വേദനകളില്ലാത്ത ലോകത്തേക്ക് മൂന്നര വയസ്സുകാരൻ യാത്രയായി. ഒറ്റപ്പാലം വരോട് അത്താണിക്കു സമീപം ഓട്ടോറിക്ഷ മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് സയാൻ ആണു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനു തൊട്ടു പിന്നാലെ മരണത്തിനു കീഴടങ്ങിയത്. വരോട് നാലകത്ത് ദാവൂദ് – ജസീല ദമ്പതികളുടെ മകനാണു സയാൻ. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുള്ള 100 കിലോമീറ്ററോളം ദൂരം ഒന്നര മണിക്കൂർ കൊണ്ടാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ ആംബുലൻസ് ഓടിയെത്തിയത്.
ഇന്നലെ വൈകിട്ട് 5.50നു വാണിയംകുളത്തു നിന്നു തുടങ്ങിയ യാത്ര 7.20നു ലക്ഷ്യത്തിലെത്തി. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹ മാധ്യമങ്ങൾ വഴി സഹായം അഭ്യർഥിച്ചാണു പൊതുജനങ്ങളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹകരണം ഉറപ്പാക്കിയത്. സ്പെഷൽ ബ്രാഞ്ച് ഇടപെട്ട് 3 ജില്ലകളിലെയും പൊലീസിന്റെ സഹായവും ലഭ്യമാക്കി. പെരിന്തൽമണ്ണ ഉൾപ്പെടെ യാത്രാമധ്യേയുള്ള തിരക്കേറിയ നഗരങ്ങളിൽ പോലും ഒട്ടും സമയം നഷ്ടമാകാതെ കടന്നുപോകാനായതായി ആംബുലൻസ് ഡ്രൈവർ സന്ദീപ് പറഞ്ഞു.
തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടി രാത്രി ഒൻപതോടെയാണു മരണത്തിനു കീഴടങ്ങിയത്. അപകടത്തിൽ പരുക്കേറ്റ ഓട്ടോറിക്ഷാ ഡ്രൈവർ കോതകുറുശ്ശി ചക്കിങ്ങൽ അക്ബർ അലി (45) കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു ചെർപ്പുളശ്ശേരി റോഡിൽ വരോട് അത്താണിക്കു സമീപം അപകടം. എതിരെ മറ്റൊരു വാഹനം വരുന്നതു കണ്ട് ഒതുക്കിയ ഓട്ടോറിക്ഷ, പാതയോരത്തെ മൺകൂനയിൽ കയറിയിറങ്ങിയാണു നിയന്ത്രണം വിട്ടു മറിഞ്ഞതെന്നു സംശയിക്കുന്നു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന സയാന്റെ ഉമ്മ ജസീലയും മറ്റു 3 കുട്ടികളും നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. വരോട്ടു നിന്നു ജസീലയുടെ കോതകുറുശ്ശിയിലെ വീട്ടിലേക്കു പോകുന്നതിനിടെയായിരുന്നു അപകടം.മുഹമ്മദ് സയാന്റെ സഹോദരിമാർ: ഫാത്തിമത്തുൽ സഫ, ഹിബ ഫാത്തിമ, നിത ഫാത്തിമ.