സംസ്ഥാനത്ത് പകര്‍ച്ചവ്യാധി വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന് പ്രത്യേക യജ്ഞം നടത്താന്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ തീരുമാനം. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്ററുടേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെയും നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മഴക്കാലം വരുന്നതിന് മുമ്പുതന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രിമാര്‍ നിര്‍ദ്ദേശം നല്‍കി. കൊതുകിന്റെ ഉറവിട നശീകരണം നടത്താന്‍ എല്ലാ ജില്ലകളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് പ്രത്യേക യജ്ഞത്തിന്റെ ഭാഗമായി ഡ്രൈ ഡേ ആചരിക്കുന്നതാണ്. വീടുകളില്‍ ഞായറാഴ്ചകളിലും, സ്‌കൂളുകളില്‍ വെള്ളിയാഴ്ചകളിലും, സ്ഥാപനങ്ങളില്‍ ശനിയാഴ്ചകളിലും, ഡ്രൈ ഡേ ആചരിക്കണം. വീടും, സ്ഥാപനവും, പരിസരവും ശുചിയാക്കണം.
കൊതുക് മുട്ടയിടാതിരിക്കാന്‍ ഒരു തുള്ളി വെള്ളം പോലും കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ജില്ലകളും റിപ്പോര്‍ട്ട് ചെയ്യുന്ന പകര്‍ച്ചവ്യാധിക്കനുസരിച്ച് കര്‍മ്മ പദ്ധതി തയ്യാറാക്കണം. ജില്ലാ കളക്ടര്‍മാര്‍ അതിന് നേതൃത്വം നല്‍കണമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ ജാഗ്രത കലണ്ടറനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുകുജന്യ, ജന്തുജന്യ, ജലജന്യ രോഗങ്ങള്‍ക്കെതിരെ നിരീക്ഷണം ശക്തമാക്കണം. ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ അതീവ ജാഗ്രത വേണം. കോവിഡിനോടൊപ്പം നിപ പോലെയുള്ള രോഗങ്ങള്‍ക്കെതിരേയും പ്രതിരോധം തീര്‍ക്കണം. പേവിഷബാധയ്ക്കെതിരെ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പ്രതിരോധം ശക്തമാക്കും. വളര്‍ത്ത് മൃഗങ്ങള്‍ക്ക് വാക്സിനേഷന്‍ ഉറപ്പാക്കണം.
മൃഗങ്ങളുടെ കടിയോ പോറലോ എറ്റാലും ആശുപത്രിയില്‍ ചികിത്സ തേടണം. മലിനജലവുമായും മണ്ണുമായും സമ്പര്‍ക്കമുള്ള എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം. എന്തെങ്കിലും പകര്‍ച്ച വ്യാധികള്‍ ഒരു പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്താല്‍ അത് ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. വാര്‍ഡുതല സമിതികള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നതിന് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ശുചിത്വമിഷനുമായി ബന്ധപ്പെട്ട് എല്ലാ പഞ്ചായത്തുകളിലും പ്രവര്‍ത്തനം ശക്തമാക്കണം. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം ഉറപ്പ് വരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.