മയൂർവിഹാർ∙ മയൂർവിഹാറിൽ 19 വയസ്സുള്ള ഗർഭിണിയായ യുവതിയെ ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തി. മുഖത്തും വയറിലും കുത്തേറ്റ നിലയിൽ ചില്ല ഗാവിലെ ഫയർ ബ്രിഗേഡിന് അടുത്തു രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിലാണു കണ്ടെത്തിയത്.
എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. കിഴക്കൻ ഡൽഹി സ്വദേശിയായ യുവതി ആയുർവേദ സെന്ററിലെ ജോലിക്കാരിയാണ് . ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ അജ്ഞാതർ ആക്രമിച്ചതാണെന്നു പൊലീസ് അറിയിച്ചു. തകർന്ന മൊബൈൽ ഫോണും കണ്ടെടുത്തു. പരിചയക്കാർ തന്നെയാണോ ആക്രമിച്ചതെന്ന് അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.