അഗളി: നവീന ശിലായുഗ കാലം മുതൽ അട്ടപ്പാടിയിൽ മനുഷ്യവാസം ഉണ്ടായിരുന്നതിന് കൂടുതൽ തെളിവുകൾ കണ്ടെത്തി. ഗവേഷകൻ തൃശൂർ വാടാനപ്പിള്ളി സ്വദേശി ഡോ. എ.ഡി.മണികണ്ഠന്റെ പഠനത്തിലാണ് ഇവ തിരിച്ചറിഞ്ഞത്. കൊടുങ്കരപ്പള്ളം, വരഗാർ, ശിരുവാണി നദീതട സംസ്കാരങ്ങളായാണ് ഗവേഷകൻ ഇതിനെ വിശേഷിപ്പിക്കുന്നത്.
വട്ടലക്കി, മുരുഗള, വരടിമല, കൂത്താടിപാറ എന്നിവിടങ്ങളിൽ പുരാതന കാലത്ത് മനുഷ്യവാസം ഉണ്ടായിരുന്ന ഗുഹകൾ കണ്ടെത്തി. ഗോപനാരി, കൂടപെട്ടി, ആനക്കട്ടി, മട്ടത്തുക്കാട് എന്നീ സ്ഥലങ്ങളിലാണ് കൊടുങ്കരപ്പള്ളം നദീതട സംസ്കാരത്തിന്റെ ശേഷിപ്പുകളുള്ളത്. ഉമ്മത്തംപടി, പട്ടണക്കൽ, രങ്കനാഥപുരം പ്രദേശങ്ങളിൽ വരഗാർ നദീതട സംസ്കാരം നിലനിന്നിരുന്നു. ബിസി ആദ്യ സഹസ്രാബ്ദത്തിലെ മെൻഹിറുകൾ(വീരക്കല്ലുകൾ), നന്നങ്ങാടികൾ, മൺപാത്രങ്ങൾ ഇവിടെയുണ്ട്.
ബ്ലാക്ക് ആന്റ് റെഡ് വെയർ വിഭാഗത്തിൽ പെടുന്നവയാണ് മൺപാത്രങ്ങളിൽ പലതും. മട്ടത്തുക്കാട് പ്രദേശത്താണ് ഇവയിൽ കൂടുതലും കണ്ടെത്തിയത്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ കണ്ടെത്തിയ കീലടി സംസ്കാരവുമായി ബന്ധപ്പെട്ട ഖനനങ്ങളിൽ ലഭിച്ച വലിയ മൺപാത്രങ്ങളും ബ്ലാക്ക് ആന്റ് റെഡ് വെയർ കളിമൺ പാത്രങ്ങളും ഉൾപ്പെടെയുള്ളവയ്ക്ക് സമാനമായ ചരിത്രാവശിഷ്ടങ്ങളാണ് കൊടുങ്കരപള്ളം നദീതടത്തിലും കണ്ടെത്തിയിരിക്കുന്നത്.
സംരക്ഷിക്കാൻ തീരുമാനം:
ചരിത്ര ശേഷിപ്പുള്ള സ്ഥലങ്ങൾ കണ്ടെത്തി ഭൂപടം തയ്യാറാക്കാനും വിശദമായ പഠനം നടത്തുന്നതിന് സംസ്ഥാന പുരാവസ്തു വകുപ്പിന് കത്തെഴുതാനും ഇന്നലെ ചേർന്ന ഭരണ സമിതി തീരുമാനിച്ചു. പഞ്ചായത്ത് പരിധിയിൽ ചരിത്ര മ്യൂസിയം ആരംഭിക്കണമെന്ന് സർക്കാരിനോട് ആവശ്യപെടാനും തീരുമാനിച്ചു. ഇത്തരം ശേഷിപ്പുകളും അവശിഷ്ടങ്ങളും കണ്ടെത്തുന്നവർ നശിപ്പിക്കാതെ പഞ്ചായത്തിനെ അറിയിക്കണമെന്നും പഞ്ചായത്ത് അധ്യക്ഷൻ പി.രാമമൂർത്തി ആവശ്യപ്പെട്ടു.