Spread the love

സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുന്നു : മുഖ്യമന്ത്രി

സ്കൂളുകൾ തുറക്കാനുള്ള തയാറെടുപ്പ് വിപുലമായി നടക്കുകയാണെന്ന് ബഹു.മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ. കോവിഡ് മഹാമാരിയെ തുടർന്ന് ഒന്നരവർഷക്കാലമായി അടഞ്ഞുകിടന്ന സംസ്ഥാനത്തെ സ്കൂളുകൾ നവംബർ 1 മുതൽ തുറക്കുകയാണ്. ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളും ആണ് നവംബർ ഒന്നിന് ആരംഭിക്കുക. നവംബർ 15 മുതൽ മറ്റുളള ക്ലാസുകൾ ആരംഭിക്കും.

വിദ്യാഭ്യാസ, ആരോഗ്യവകുപ്പ് മന്ത്രിമാർ ഇത് സംബന്ധിച്ച ചർച്ച നടത്തി. വിദ്യാഭ്യാസ ആരോഗ്യ വകുപ്പ് മന്ത്രിമാരുടെ നേത്യത്വത്തിൽ നാളെ ഉന്നതതലയോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. കരടു പദ്ധതി തയ്യാറാക്കി മറ്റു വകുപ്പുകളുമായി ചർച്ച നടത്തും. കുട്ടികൾക്ക് പൂർണ്ണ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പുവരുത്തും. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും അദ്ധ്യാപകരക്ഷകർത്തൃ സമിതികളുമായും വിവിധ സംഘടനകളുമായും ചർച്ച നടത്തി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റുന്നവിധമുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

കോളേജുകൾ, സ്കൂളുകൾ എന്നിവ തുറക്കുന്ന സാഹചര്യത്തിൽ യാത്രാവേളയിൽ കുട്ടികളുടെ സുരക്ഷസംബന്ധിച്ച് ആവശ്യമായ പദ്ധതികൾ തയ്യാറാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വിദ്യാലയങ്ങൾക്ക് സമീപമുള്ള അശാസ്ത്രീയമായ പാർക്കിങ് ഒഴിവാക്കി ട്രാഫിക് ക്രമീകരണം ഏർപ്പെടുത്തും. വിദ്യാലയങ്ങൾക്ക് മുന്നിൽ അനാവശ്യമായി കൂട്ടംകൂടാൻ ആരേയും അനുവദിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

നാളുകളായി ഉപയോഗിക്കാതെ കിടക്കുന്ന സ്കൂൾ വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുന്നുവെന്ന് ഉറപ്പാക്കാൻ പോലീസ് സ്റ്റേഷൻ തലത്തിൽ സംവിധാനമൊരുക്കും. സ്കൂളുകളുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഇക്കാര്യം ഉറപ്പാക്കും.

സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ, കണ്ടക്ടർ, ആയമാർ എന്നിവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ പ്രത്യേകം പരിശീലനം നൽകും. കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ പാലിക്കേണ്ട കോവിഡ് സുരക്ഷാ നടപടികൾ സംബന്ധിച്ചായിരിക്കും പരിശീലനം നൽകുക. സാമൂഹിക അകലം പാലിക്കേണ്ടതിൻറെ ആവശ്യകത,
സാനിടൈസർ, മാസ്ക് എന്നിവ ശരിയായി
ഉപയോഗിക്കേണ്ട വിധം മുതലായ കാര്യങ്ങൾ പോലീസ് ഉദ്യോഗസ്ഥർ വിശദീകരിക്കും

Leave a Reply