Spread the love

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം കുതിച്ച് ഉയരുന്നതിനൊപ്പം എച്ച് 3 എൻ 2 വൈറസ് സാന്നിധ്യവും സ്ഥിരീകരിച്ചു. എല്ലാ ജില്ലയിലും നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ വകുപ്പ് നിർദേശംനൽകി. പനിക്കൊപ്പം ഒരാഴ്ചവരെ നീണ്ടു നിൽക്കുന്ന ചുമ, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സതേടുന്നവരുടെ എണ്ണം കൂടിവരുകയാണ്.

മെഡിക്കൽ ഗവേഷണ കൗൺസിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച ഇൻഫ്ളുവൻസ എ.എച്ച്. 3 എൻ 2 വൈറസ് സാന്നിധ്യം ഏതാനും ജില്ലകളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും വൈറസ് സാന്നിധ്യം വ്യാപകമല്ലെന്നാണ് അധികൃതർ പറയുന്നത്. ഏതൊക്കെ ജില്ലകളിലാണ് വൈറസ് ബാധയെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.

എച്ച് 1 എൻ 1 പോലെയുള്ള രോഗ ലക്ഷണങ്ങളുമായി എത്തുന്നവർക്ക് ഒസൾട്ടാമിവിർപോലെയുള്ള മരുന്ന് നൽകാൻ നിർദേശിച്ചിട്ടുണ്ട്. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരിൽ നിന്നുള്ള സാമ്പിൾ ജനിതക ശ്രേണീകരണത്തിന് ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. സാമ്പിളുകളിൽ നടത്തിയ തുടർ പരിശോധനയിലാണ് എച്ച് 3 എൻ 2 സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്.

എല്ലാജില്ലയിലും പനിബാധിതരുടെ എണ്ണം കൂടുന്നതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. സ്വയംചികിത്സ വേണ്ടാ പനിബാധിതർ ജാഗ്രതപാലിക്കണമെന്നും സ്വയംചികിത്സ നടത്തരുതെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു. ഹോസ്റ്റലുകൾ, ആളുകൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലാണ് പെട്ടെന്ന് രോഗം പകരുന്നത്. കുടിവെള്ളം കൃത്യമായി മൂടിവെക്കണം. മുറിക്കുള്ളിൽ സൂക്ഷിച്ചിട്ടുള്ള ചെടിപ്പാത്രങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന്‌ ഉറപ്പാക്കണം.

Leave a Reply