
രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗത്തിന് മുന്നോടിയായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഡല്‍ഹിയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. പ്രതിപക്ഷ കക്ഷികളുടെ സംയുക്ത യോഗം ബുധനാഴ്ച ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിൽ നടക്കും. യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ നേതാക്കള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കഴിഞ്ഞ ആഴ്ച ടിഎംസി അധ്യക്ഷ മമത ബാനര്‍ജി കത്തയച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുള്‍പ്പെടെയുള്ള ബിജെപി ഇതര പാര്‍ട്ടികളോടാണ് യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന് കരുതുന്ന എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും യോഗത്തില്‍ പങ്കെടുക്കും.